അന്പലപ്പുഴ: കേരളം കണികണ്ടുണരുന്ന നന്മയ്ക്കൊപ്പം സൈക്കിളിൽ സഞ്ചരിച്ച് മിൽമ ഡയറി മാനേജർ. പുന്നപ്ര സെൻട്രൽ പ്രൊഡക്ഷൻ ഡയറി മനേജറായ ഹരിപ്പാട് പള്ളിപ്പാട് കണ്ടുവിളയിൽ വീട്ടിൽ ഫിലിപ്പ് തോമസാ(54)ണ് സ്വന്തം ആരോഗ്യ സംരക്ഷണത്തിനായി സൈക്കിൾ സവാരി നടത്തുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തുടർച്ചയായി സൈക്കിളിലാണ് ഫിലിപ്പ് തോമസ് ജോലിക്കെത്തുന്നത്.
കണ്ടുവിള വീട്ടിൽ നിന്ന് 27 കിലോമീറ്റർ ദൂരമാണ് മിൽമയിലേക്കുള്ളത്. രാവിലെ 7.30 ന് വീട്ടിൽ നിന്നിറങ്ങിയാൽ 8.45ന് ജോലി സ്ഥലത്തെത്തും. ജോലി കഴിഞ്ഞ് വൈകുന്നേരം തിരികെ വീട്ടിലെത്തുന്പോൾ പിന്നിടുന്ന 54 കിലോമീറ്റർ ദൂരം തന്റെ ആരോഗ്യ സംരക്ഷണത്തിനുള്ളതാണന്നാണ് ഫിലിപ്പ് തോമസ് പറയുന്നത്.
രണ്ടുവർഷം മുന്പ് പരിശോധനയിൽ കണ്ടെത്തിയ കൊളസ്ട്രോൾ അതിനാൽ തന്നെ ഇപ്പോഴില്ലന്നും അദ്ദേഹം പറയുന്നു. വിദ്യാഭ്യാസ കാലഘട്ടം മുതലുള്ളതാണ് സൈക്കിൾ സവാരി. പിന്നീടത് ഒഴിവാക്കി പൊതു ഗതാഗത സംവിധാനത്തിലേക്കു മാറിയപ്പോൾ ശാരീരിക അസ്വസ്തതകൾ തോന്നി. തുടർന്നാണ് പൂർവാധികം ശക്തിയിൽ സൈക്കിൾ ഉപയോഗിച്ചു തുടങ്ങിയത്.
ഇതിനായി 25000 രുപ വിലയുള്ള വിദേശിയായ സൈക്കിൾ വാങ്ങി. ഏഴുകിലോ മാത്രമാണിതിന്റെ ഭാരം. ഗിയർ സംവിധാനവുമുണ്ട്. വർഷത്തിൽ 400 രൂപയോളമാണ് അറ്റകുറ്റപ്പണിക്കായി വേണ്ടി വരുക. ജോലിക്കെത്താത്ത ദിവസങ്ങളിലും ഒരു മണിക്കൂർ സവാരി ഫിലിപ്പ് തോമസ് മുടക്കാറില്ല.
പരിസ്ഥിതിക്കു ദോഷം വരുത്തുന്നതിൽ നിന്ന് ഒഴിവാകുന്നതിനു പുറമെ ആരോഗ്യ സംരക്ഷണത്തിനും, പണച്ചെലവ് കുറക്കാനും സൈക്കിൾ സവാരി സഹായകരുമാണന്നും, സ്വീഡൻ, ഡണ് മാർക്ക് തുടങ്ങിയ രാജ്യങ്ങളിലേതുപോലെ ഇവിടെയുള്ളവരും സൈക്കിൾ സവാരി ശീലമാക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഫിലിപ്പ് തോമസ് പറഞ്ഞു.