മട്ടന്നൂർ: ജീപ്പിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരവുമായി രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടെ തിരുവണ്ണാമലൈ കോടിക്കുപ്പത്തെ ചെട്ടിയാർ സ്ട്രീറ്റിൽ കെ.എളുമലൈ (37), മയ്യിൽ പാവ്വന്നൂർ മൊട്ടയിലെ പി.പി.ഹരീഷ് (34) എന്നിവരെയാണ് മട്ടന്നൂർ എസ് ഐ കെ.രാജീവ് സംഘവും അറസ്റ്റു ചെയ്തത്.
ഇന്നലെ രാത്രി വെള്ളിയാംപറമ്പിൽ വച്ചു മട്ടന്നൂർ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മട്ടന്നൂരിൽ നിന്നും ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പിൽ നിന്നും 49 ഇലക്ട്രിക് ഡിക് ണേറ്ററുകളും 21 ജലാറ്റിൻ സ്റ്റിക്കും പിടികൂടിയത്. ജീപ്പിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കളെന്ന് പോലീസ് അറിയിച്ചു.
സ്ഫോടക വസ്തുവും ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നും ഇരിക്കൂർ ഭാഗത്തേക്ക് കടത്തികൊണ്ടു പോകുന്ന സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തതിനു ശേഷം മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മട്ടന്നൂർ മേഖലയിൽ ചിലയിടങ്ങളിൽ രാത്രി കാലങ്ങളിൽ സ്ഫോടനമുണ്ടാകുന്നതിനാൽ സ്ഫോടക വസ്തുക്കൾ പിടികൂടിയത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.