മാന്നാർ: മദ്യപിക്കാൻ പണം ചോദിച്ച് നൽകാത്തതിനെ തുടർന്ന് മാരകായുധവുമായി ആക്രമണം നടത്തി പിടിയിലായവർ നിരവധി കേസുകളിലെ പ്രതികൾ. ഗുണ്ടാലിസ്റ്റിൽ ഉൾപ്പടെയുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആറംഗ സംഘം പണം നൽകാഞ്ഞതിനെ തുടർന്ന് മൂന്ന് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഈ ആറംഗ സംഘത്തെ പോലിസ് പിടികൂടി റിമാൻഡ് ചെയ്തു.
ചെന്നിത്തല പഞ്ചായത്ത് കാരാഴ്മ പൗവത്തിൽ ജി സുനിൽ (40), വാര്യത്ത് വീട്ടിൽ സിജി (38), കാരാഴ്മ കിഴക്ക് പൂയ്യപ്പള്ളിൽ ജെ ജോൺസൺ (39), വെട്ടുകുളഞ്ഞിയിൽ വിനീഷ് (ഉണ്ണി ബോസ് – 38), ഒരിപ്രം ദ്വാരകയിൽ ബിബിൻ (35), ഒരിപ്രം കണ്ടത്തിൽ വീട്ടിൽ ആർ. ഷിബു (35) എന്നിവരെയാണ് മാന്നാർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരാൾ ഒളിവിലാണ്. വിദേശത്ത് ജോലിക്കു ശേഷം അവധിക്ക് നാട്ടിലെത്തിയ വലിയകുളങ്ങര പൈനുംമൂട്ടിൽ ഗോപാലകൃഷ്ണൻ (45) തന്റെ ഉടമസ്ഥതയിൽ മഹാത്മ സ്കൂളിനു സമീപം നടത്തുന്ന എസ്.കെ ഇഷ്ടിക കമ്പനിയിൽ ഇരിക്കവെ ഏഴംഗ സംഘമെത്തി രണ്ടു കുപ്പി മദ്യത്തിന്റെ പണം ആവശ്യപ്പെട്ടു.
എന്നാൽ പണം തരില്ലെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ ഒന്നാം പ്രതി സുനിൽ കൈയിൽ കരുതിയ കത്തിയെടുത്ത് ഗോപാല കൃഷ്ണന്റെ കൈയ്ക്കും ശരീരമാകെയും കുത്തി പരിക്കേൽപ്പിച്ചു.
സംഭവം കണ്ട് തടയാൻ ഓടിയെത്തിയ തൊഴിലാളികളായ ആയില്യം വീട്ടിൽ അമിത്ത്, കുട്ടമ്പേരൂർ തൈയ്യിൽ വീട്ടിൽ നിഖിൽ, ഒരിപ്രം പൈനുംമൂട്ടിൽ നന്ദു രവി എന്നിവരെയും ഈ അക്രമി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു.
എല്ലാവരും പരുമല സ്വകാര്യശുപത്രിയിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ് എത്തിയ പോലീസ് പ്രതികളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു.
ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഉണ്ണി ബോസ് എന്നു വിളിക്കുന്ന വിനീഷ് മാധ്യമ പ്രവർത്തകനെ മർദിച്ച കേസിലെ പ്രതിയാണ്. ജി സുനിലിന് ഏഴു കേസും സിജിക്ക് മൂന്നു കേസും ജോൺസണിനെ രണ്ടു കേസും ഷിബുവിന് ഒരു കേസുമുണ്ടെന്ന് പോലീസ് പറഞ്ഞു.