പാലാ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വീസ് നടത്തുന്ന ടാക്സി വാഹനങ്ങള്‍ ഡീസല്‍ കുടിശികയായതോടെ സര്‍വീസ് അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ലോക്സഭാമണ്ഡലത്തിലെ ആന്റി ഡീ ഫെയ്സ്മെന്റ് സ്ക്വാഡ് വാഹനങ്ങളാണ് ഡീസല്‍ കുടിശികയെത്തുടര്‍ന്ന് ഓട്ടം നിര്‍ത്തിയത്. ഇക്കഴിഞ്ഞ 16നാണ് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്തത്. പണം കുടിശികയായതോടെ പാലായില്‍ എട്ട് ടാക്സി ഡ്രൈവര്‍മാരാണ് പ്രതിസന്ധിയിലായത്. കുടിശിക പണം എന്നു നല്‍കുമെന്ന കാര്യത്തില്‍ അധികൃതരും ഉറപ്പ് പറയുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശാനുസരണമാണ് ടാക്സി വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സറണ്ടര്‍ ചെയ്തത്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഡീസലിനു പണം അനുവദിക്കിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ പത്തു ദിവത്തേക്ക് മാത്രമെ ആന്റി ഡിഫേസ് മെന്റ് സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം കസ്റ്റഡിയിലെടുക്കാറുണ്ടായിരുന്നുള്ളുവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ദിവസേന രാവിലെ ആറു മുതല്‍ രണ്ടു വരെയും രണ്ടു മുതല്‍ പത്തു വരെയുമാണ് സര്‍വീസ് നടത്തേണ്ടത്.
രണ്ടായിരത്തോളം രൂപയുടെ ഡീസല്‍ ദിവസേന ചെലവാകുന്നുണ്ട്. 15,000 മുതല്‍ 22,000 രൂപാ വരെ ഡ്രൈവര്‍മാര്‍ക്ക് നാളിതുവരെ ചിലവുണ്ട്. പണം ചോദിക്കുമ്പോള്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ടാക്സി വഹനങ്ങള്‍ക്കു നല്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുള്ള മറുപടിയാണ് അധികൃതരില്‍നിന്നു ലഭിക്കുന്നത്.
വാഹനങ്ങള്‍ അധികൃതരുടെ നിയന്ത്രണത്തിലായതിനാല്‍ മറ്റ് ഓട്ടങ്ങള്‍ക്കു പോകുവാനും കഴിയില്ല. ചിലര്‍ കരുതല്‍ ധനം ഉപയോഗിച്ചും മറ്റു ചിലര്‍ പമ്പുകളില്‍നിന്നു കടം പറഞ്ഞുമാണ് ഇന്ധനം നിറക്കുന്നത്. വരുമാനമില്ലാതായതോടെ വാഹനങ്ങളുടെ സിസി അടവും മറ്റ് ലോണ്‍ തിരിച്ചടവുകളും മുടങ്ങി. കുടുംബ ബജറ്റും താളം തെറ്റി. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയാതായതോടെയാണ് ഡ്രൈവര്‍മാര്‍ ഓട്ടം അവസാനിപ്പിച്ചത്.
കഴിഞ്ഞ തവണ വരെ 3,500 രൂപാ അഡ്വാന്‍സ് ലഭിച്ചിരുന്നു. രണ്ട് റവന്യു ഉദ്യോഗസ്ഥര്‍, ഒരു ടീം ലീഡര്‍, വീഡിയൊ ഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയതാണ് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്. പാലാ, കടുത്തുരുത്തി അസംബ്ലി മണ്ഡലങ്ങളിലായാണ് ഇവര്‍ സര്‍വീസ് നടത്തേണ്ടത്. പണം അനുവദിക്കാതെ സര്‍വീസ് നടത്തുകയില്ലെന്ന തീരുമാനം തരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചതിനു ശേഷമാണ് സര്‍വീസ് അവസാനിപ്പിച്ചത്. കുടിശിക എന്ന് തീര്‍ക്കുമെന്നുള്ള ഉറപ്പ് ലഭിച്ചാല്‍ സര്‍വീസ് പുനഃരാരംഭിക്കാന്‍ തയാറാണെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.