കോട്ടയം: കോട്ടയത്ത് എത്തിയ വ്യാജ ഡീസലിന്റെ ഉറവിടം തേടി അന്വേഷണം പുരോഗമിക്കുന്നു.
ഒരാഴ്ച മുന്പാണ് കോട്ടയം നാഗന്പടത്തെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ നിന്നും വ്യാജ ഡീസൽ കോട്ടയം ഈസ്റ്റ് പോലീസ് പിടിച്ചെടുത്തത്.
ലിറ്ററിനു 60 രൂപയ്ക്കാണ് വ്യാജ ഡീസൽ വില്പന നടത്തുന്നത്. നല്ല ഡീസലിനൊപ്പമാണ് വ്യാജ ഡീസൽ ഉപയോഗിക്കുന്നത്.
വ്യാജ ഡീസൽ ഉപയോഗിക്കുന്നതു വാഹനങ്ങളുടെ എൻജിൻ തകരാറിലാക്കും.
കോട്ടയത്ത് നിന്നും പിടിച്ചെടുത്ത ഡീസലിന്റെ വിശദാംശങ്ങൾ അറിയുന്നതിനായി വ്യാജ ഡീസലിന്റെ സാംപിൾ പോലീസ് കൊച്ചിൻ റീഫൈനറിയിൽ നല്കിയിരിക്കുകയാണ്.
ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷമേ ഈ ഡീസലിൽ ചേർത്തിരിക്കുന്ന പദാർഥങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.
ഇതിനു പുറമേ ഇത്തരത്തിലുള്ള ഡീസൽ കോട്ടയത്ത് വിതരണം ചെയ്യുന്നത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണ്.
മുംബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കന്പനിയുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.
ഇതിന്റെ ഉടമകളുടെ വിശദാംശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണെന്ന് കോട്ടയം ഈസ്റ്റ് എസ് എച്ച്ഒ റിജോ പി. ജോസഫ് പറഞ്ഞു.
ഇത്തരത്തിലുള്ള വ്യാജ ഡീസലുകൾ പിടികൂടുന്നതിനു പോലീസിനൊപ്പം മോട്ടോർ വാഹനവകുപ്പ് ശക്തമായ പരിശോധനകൾ ആരംഭിച്ചതായി എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം. തോമസും പറഞ്ഞു.
ഡീസൽ വില കുതിച്ചുയർന്നതോടെയാണ് വ്യാജ ഡീസൽമാഫിയയും സജീവമായത്. മാസങ്ങൾക്കു മുന്പു മുതൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഡീസൽ വിവിധ സ്ഥലങ്ങളിൽ എത്തുന്നതായി വിവരം ലഭിച്ചെങ്കിലും ഇതിന്റെ ഉറവിടം സംബന്ധിച്ചു കൃത്യമായ വിവരമില്ല.
കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് വ്യാജ ഡീസൽ സംബന്ധിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം ജില്ലയിൽ പരിശോധനകൾ ശക്തമാക്കിയത്.
കോട്ടയത്ത് വ്യാജ ഡീസൽ കൈമാറിയിരുന്നതു രാത്രിയിലാണ്. ഇതിന്റെ ഏജന്റുമാർ ബസുടമകൾ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു.
തുക പറഞ്ഞു ഉറപ്പിച്ചശേഷം രാത്രിയിൽ ബാരലുകളിൽ ഡീസൽ എത്തിച്ചു കൈമാറുകയാണ് ചെയ്യുന്നത്. ബാരലുകളിൽ എത്തിക്കുന്ന ഡീസൽ പൈപ്പ് ഉപയോഗിച്ച് ടാങ്കിൽ നിറയ്ക്കുകയുമാണ് ചെയ്യുന്നത്.
അതിവേഗത്തിൽ കത്തിപ്പിടിക്കാവുന്ന ബയോ ഡീസലാണ് വ്യാജ ഡീസലായി എത്തുന്നത്. അതിനാൽ അപകട സാധ്യതയും കൂടുതലാണ്.