കൊടുവായൂർ: ഡീസലിൽ വെള്ളംകലർന്നെന്ന പരാതിയെ തുടർന്നു കൊടുവായൂർ പിട്ടുപീടികയിലെ പന്പ് പോലീസ് താത്കാലികമായി അടപ്പിച്ചു. പന്പിൽനിന്നും ഡീസൽ അടിച്ച വാഹനങ്ങളിൽ യന്ത്രത്തകരാർ ഉണ്ടായതായുള്ള പരാതിയിലാണ് പുതുനഗരം പോലീസ് നടപടിയെടുത്തത്.
ഓട്ടോ, കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സ്റ്റാർട്ടിംഗ് ട്രബിളും യാത്ര ചെയ്യുന്നതിനിടെ പെട്ടെന്നു നില്‍ക്കുകയുമായിരുന്നു. വാഹനഉടമകൾ പന്പ് ഓപ്പറേറ്റർക്കു വിവരം നല്‍കുകയും പുതുനഗരം പോലീസെത്തി ഡീസൽ പരിശോധിച്ചപ്പോൾ വെള്ളം കലർന്നതായി കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് പോലീസ് ഇന്ധനവിതരണം നിർത്തി പന്പ് അടപ്പിച്ചു. ഡീസൽ ടാങ്കിൽ വെള്ളം കലർന്നത് എങ്ങനെയെന്നു കണ്ടെത്തിയിട്ടില്ല. മൊബൈൽ ഇന്ധന പരിശോധന വാഹനം സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിയശേഷമേ പന്പ് തുറന്നു പ്രവർത്തിക്കുകയുള്ളൂ.
കൊടുവായൂർ പഞ്ചായത്തിലുള്ള ഏക പന്പ് അടച്ചതോടെ പ്രദേശത്തെ വാഹനങ്ങളുടെ ഉടമകൾ പുതുനഗരം പന്പിലേക്കാണ് ഇന്ധനം നിറയ്ക്കാൻ പോകുന്നത്.