കൊച്ചി: കൊച്ചി സിറ്റി പോലീസിന് കീഴിലുള്ള വാഹനങ്ങളുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ 35 ലക്ഷം രൂപ ചോദിച്ചപ്പോൾ കിട്ടിയത് എട്ട് ലക്ഷം മാത്രം.
ഈ പണം ഏൽപ്പിച്ചപ്പോൾ മുഴുവൻ കുടിശികയും നൽകാതെ ഇന്ധനം നൽകാനാകില്ലെന്ന നിലപാടിൽ തന്നെയാണ് പന്പുടമകൾ. ഇതോടെ കൊച്ചി സിറ്റി പോലീസിലെ ’ഡീസൽ പ്രശ്ന’ത്തിന് ഉടനെയൊന്നും പരിഹാരമുണ്ടാകില്ലെന്ന് തീർപ്പായി.
55 ലക്ഷം രൂപയാണ് പന്പുടമകൾക്ക് കുടിശിക ഇനത്തിൽ കൊച്ചി സിറ്റി പോലീസ് നൽകാനുള്ളത്. ഇതിൽ പന്പുടമകൾ ആവശ്യപ്പെട്ട 35 ലക്ഷം രൂപയാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തോടും ആവശ്യപ്പെട്ടത്.
ഡീസൽ ഇല്ലാത്തതിനാൽ 26 ലധികം ജീപ്പുകൾ ജില്ലാ ക്യാന്പ് ഓഫീസിൽ നിർത്തിയിട്ടിരിക്കുന്ന കാര്യവും ശ്രദ്ധയിൽപ്പെടുത്തി.
എന്നിട്ടും കാര്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയുള്ള പ്രതികരണമാണ് പോലീസ് ആസ്ഥാനത്തുനിന്ന് ഉണ്ടായതെന്ന കൊച്ചിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും അടക്കം പറയുന്നു.