കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറി മറിഞ്ഞു ഡീസല്‍ ചോര്‍ച്ചയുണ്ടായ പരിയാപുരത്തെ ഒരു കിണറ്റില്‍ തീപിടിത്തം.
സമീപത്തെ മറ്റൊരു കിണറ്റില്‍ ഡീസല്‍ നിറഞ്ഞതിനെത്തുടര്‍ന്ന് ഡീസല്‍ കോരിയെടുക്കാന്‍ ആളുകളുടെ തിക്കിത്തിരക്കാണ്.
പരിയാപുരം സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റിന്റെ കിണറ്റില്‍നിന്ന് ഇന്നലെ രാവിലെ ഒമ്പതരയോടെയാണു തീ ഉയര്‍ന്നത്. കിണറും കവിഞ്ഞ് 20 മീറ്ററോളം ഉയരത്തിലേക്കു തീ ഉയര്‍ന്നു.
സമീപത്തെ തെങ്ങും പുളിമരവും ഭാഗികമായി കത്തിനശിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളത്തിനടിയില്‍ സ്ഥാപിക്കുന്ന മോട്ടര്‍ ആണ് ഇവിടെ ഉപയോഗിക്കുന്നത്.
കോണ്‍വന്റിലെ മോട്ടറിന്റെ സ്വിച്ച് ഓണാക്കിയതോടെയാണ്, ഡീസല്‍ കലര്ന്നുകിടന്ന വെള്ളത്തില്‍നിന്ന് തീ ഉയര്‍ന്നത്. മണിക്കൂറുകളോളം കത്തിയ തീ ഒടുവില്‍ വൈകിട്ടോടെ അഗ്നിരക്ഷാ സംഘം അണയ്ക്കുകയായിരുന്നു.
ആദ്യം ഉയര്‍ന്നുകത്തിയ ശേഷം പിന്നീട് തീ കിണറിലേക്ക് എത്തുന്ന ഉറവകളില്‍ വട്ടംചുറ്റിനിന്നു.
സമീപത്തെ കൊല്ലരേട്ട് മറ്റത്തില്‍ ബിജുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഡീസല്‍ നിറഞ്ഞത്. ചിലര്‍ ഡീസല്‍ കോരിയെടുത്തു കുപ്പികളിലാക്കി കൊണ്ടുപോകുകയും ചെയ്തു.
ഇന്നലെ വൈകിട്ടോടെ ഈ കിണറ്റിലെ വെള്ളം, ബന്ധപ്പെട്ട ടാങ്കറിന്റെ ഉടമയും മറ്റുമെത്തി ടാങ്കറിലേക്കു മാറ്റി. ഡീസലിലെ വെള്ളം നീക്കം ചെയ്തു പുനരുപയോഗിക്കാനാകുമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വറ്റിച്ച കിണറ്റില്‍ പുതുതായി ഉണ്ടാവുന്ന ഉറവയിലും ഡീസല്‍ തന്നെ. ഇന്ന് ഈ കിണര്‍ വീണ്ടും വറ്റിക്കും. സമീപത്തെ കോണ്‍വന്റിന്റെ കത്തിനശിച്ച കിണറിലെ വെള്ളവും കൊണ്ടുപോകും.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണു ചീരട്ടാമലപരിയാപുരം റോഡിലെ ഇറക്കത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്.
കൊച്ചിയില്‍നിന്നു മുക്കത്തേക്കു കൊണ്ടുപോകുകയായിരുന്നു ഡീസല്‍. ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞ് മൂന്നു കഷണമായി മുകള്ഭാഗം താഴെ മണ്ണില്‍ അമര്‍ന്ന നിലയിലായിരുന്നു. ഈ ഭാഗത്തു രണ്ടിടങ്ങളിലായി ഉണ്ടായ സുഷിരങ്ങളിലൂടെ വലിയ തോതില്‍ ഡീസല്‍ ചോര്‍ച്ച ഉണ്ടായിരുന്നു.
ആളുകള്‍ ഡീസല്‍ കൊണ്ടു പോകുന്നതിനു പാത്രങ്ങളും കുപ്പികളുമായി എത്തിയപ്പോള്‍ അധികൃതര്‍ വിലക്കുകയും ചെയ്തതാണ്.
ടാങ്കറിലുണ്ടായിരുന്ന 20,000 ലീറ്റര്‍ ഡീസലില്‍ 500 ലീറ്റര്‍ മാത്രമാണു പിന്നീടു ടാങ്കറെത്തിച്ച് നീക്കം ചെയ്യാനായത്.
ടാങ്കര്‍ അപകടം നടന്ന സ്ഥലത്തു നിന്ന് 200 മീറ്ററോളം അകലെയാണ്, ഡീസല്‍ നിറഞ്ഞ ബിജുവിന്റെ കിണര്‍. അപകടസ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെയാണ് ഇന്നലെ തീപിടിത്തം ഉണ്ടായ കിണര്‍.