കായംകുളം: കായൽ ഭംഗി ആസ്വദിച്ച് കായലോരത്തെ മത്സ്യകന്യകക്ക് സമീപം ആടിയും പാടിയും പ്രകൃതിയെ അറിഞ്ഞും ഭിന്നശേഷി വിഭാഗം കുട്ടികളുടെ ഒത്തുകൂടൽ.
സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് സാഫല്യം 2020 എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്.
ഇന്നലെ കായംകുളം കായലോരത്തും ഡിടിപിസി സെന്ററിലുമാണ് ചെങ്ങന്നൂർ ഉപജില്ലയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന 50 കുട്ടികളും അവരുടെ രക്ഷിതാക്കളും ഒത്തുചേർന്നത്.
സ്കൂളുകളിൽ പോകാൻ കഴിയാത്ത ശാരീരിക അവശത അനുഭവിക്കുന്ന കുട്ടികളാണ് ഏറെയും. അവർക്ക് കായലും കടലും കണ്ട് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
കുട്ടികൾക്കായി മാസ്റ്റർ ആദിത്യ സുരേഷിന്റെ സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു. കായംകുളം കായലോരത്ത് നടന്ന സ്നേഹസംഗമം നഗരസഭാ വൈസ് ചെയർപഴ്സണ്‍ ആർ. ഗിരിജ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗണ്‍സിലർ ഷീബാദാസ് അധ്യക്ഷയായി. ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് ഓഫീസർ ജി.കൃഷ്ണകുമാർ, മുൻ ബിപിഒ മാരായ പി. സീനത്ത്, നസീമ, രാജീവ് കണ്ടല്ലൂർ, സുധീർഖാൻ റാവുത്തർ, സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകരായ മുനീർ, റാഫി ജോസഫ്, ഷാനവാസ് ആയാപറന്പ്, ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ ഷെമീർ തുടങ്ങിയവർ പങ്കെടുത്തു.