കഴിഞ്ഞ ദിവസം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ ആള് കുടുങ്ങിയ സംഭവത്തിനു ശേഷം സമാനമായ സംഭവം വീണ്ടും.
തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസിലാണ് 55 വയസ് തോന്നിക്കുന്ന ഭിന്നശേഷിക്കാരനായയാള് ശുചിമുറി പൂട്ടിയത്.
കൈകള്‍ക്കും കാലുകള്‍ക്കും സ്വാധീനമില്ലാത്ത സംസാര ശ്രവണ ശേഷിയില്ലാത്തയാളാണ് ശുചിമുറിയില്‍ കുടുങ്ങിയത്. തൃശൂരിന് സമീപമായിരുന്നു സംഭവം.
പിന്നീട് ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ റെയില്‍വേ മെക്കാനിക്കല്‍ വിഭാഗവും റെയില്‍വേ പോലീസും ചേര്‍ന്നു ശുചിമുറിയുടെ പൂട്ടു പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു സംഭവം. വാതില്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായതെന്ന് റെയില്‍വേ പോലീസിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കേസെടുത്തിട്ടില്ലെന്ന് റെയില്‍വേ എസ്ഐ അനില്‍ മാത്യു പറഞ്ഞു.
ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തുന്നയാളാണെന്നാണു സൂചന. ശുചിമുറിക്കകത്തു കയറി വാതിലടച്ചശേഷം തുറക്കാനായില്ലെന്നാണ് കരുതുന്നത്.
കൈകള്‍ ഉയര്‍ത്തുന്നതിനു ബുദ്ധിമുട്ടുള്ളയാളാണ്. തൃശൂരിനു മുമ്പാണ് ശുചിമുറിയില്‍ അകപ്പെട്ടത്. വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് സഹയാത്രികര്‍ ശ്രദ്ധിച്ചത്.
തൃശൂരില്‍ ട്രെയിന്‍ എത്തിയപ്പോള്‍ റെയില്‍വേ ജീവനക്കാര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഷൊര്‍ണൂരിലെത്തിയപ്പോള്‍ പൂട്ടു പൊളിച്ച് ഇയാളെ പുറത്തെത്തിക്കുകയായിരുന്നു.