തിരുവനന്തപുരം: ബന്ധുവായ സീരിയൽ നടിയെ ജയിലിലെ പരിപാടിക്ക് ഔദ്യോഗിക വാഹനത്തിൽ എത്തിച്ച ജയിൽ ഡിഐജി ബി.പ്രദീപിന് താക്കീത്. ജയിൽ എഡിജിപി ആർ.ശ്രീലേഖയാണ് താക്കീത് ചെയ്തത്. ഐ.ജി: ഗോപകുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്താൽ കർശന നടപടി ഉണ്ടാകുമെന്ന് പ്രദീപിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അന്വേഷണത്തിൽ സീരിയൽ നടിയുമായി പ്രദീപ് ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. ഈ സമയം വാഹനത്തിൽ നടിക്കൊപ്പം അവരുടെ പിതാവും ഉണ്ടായിരുന്നു.
പത്തനംതിട്ട ജില്ലാ ജയിൽ ക്ഷേമദിനാഘോഷത്തിനാണ് പ്രദീപ് ബന്ധുവായ സീരിയൽ നടിയെ ഔദ്യോഗിക വാഹനത്തിൽ കൊണ്ടുവന്നത്. പരിപാടിക്ക് ആദ്യം ക്ഷണിച്ചിരുന്നത് ഗിന്നസ് പക്രുവിനെയായിരുന്നു. എന്നാൽ ഇദ്ദേഹം എത്താനാവില്ലെന്ന് അവസാന നിമിഷം അറിയിച്ചതോടെ പ്രദീപ് ബന്ധുവായ നടിയെ കൊണ്ടുവരികയായിരുന്നു. ഇതിന്റെ പേരിൽ പ്രദീപിനെതിരെ മുഖ്യമന്ത്രിക്ക് പേരില്ലാതെ പരാതി ലഭിക്കുകയായിരുന്നു. സീരിയൽ നടിയുമായി ഔദ്യോഗിക വാഹനത്തിൽ കറങ്ങിയെന്നായിരുന്നു പരാതി.