ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഡിജിറ്റൽ ഡോക്യുമെന്റ് ലോക്കറാണ് ഡിജി ലോക്കർ.
ആധാർ അധിഷ്ഠിതമായി ഉപയോഗിക്കുന്ന ഡിജിലോക്കറിൽ ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ ലൈസൻസ്, ആധാർ, പാൻ, പാചകവാതക കണക്ഷൻ എന്നുതുടങ്ങി നിരവധി രേഖകൾ സൂക്ഷിക്കാൻ കഴിയും. മാത്രമല്ല വാഹനങ്ങളുടെ ഇൻഷ്വറൻസ്, പുക പരിശോധന രേഖകൾ അപ്ലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം.
പുതിയ മോട്ടോർ വാഹന നിയമ പരിഷ്കാരങ്ങൾ രാജ്യത്ത് നടപ്പാക്കിയ സാഹചര്യത്തിൽ രേഖകൾ ഇല്ലാതെ പിടിക്കപ്പെട്ടാൽ പിഴത്തുക വളരെ വലുതാണ്. കൈയിൽ കരുതാൻ മറക്കുന്ന രേഖകൾ ഡിജിറ്റൽ രൂപത്തിൽ മൊബൈൽഫോണിലുണ്ടെങ്കിൽ അതായത് ഡിജിലോക്കറിൽ ഉണ്ടെങ്കിൽ അത് അധികൃതരെ സാക്ഷ്യപ്പെടുത്തിയാൽ മതി. ആർക്കും തങ്ങളുടെ സ്മാർട്ട്ഫോണിൽ ഡിജിലോക്കർ ലഭ്യമാക്കാവുന്നതേയുള്ളൂ…
* ഐഒഎസ്, ആൻഡ്രോയ്ഡ് ആപ് സ്റ്റോറുകളിൽന്ന് ഡിജിലോക്കർ ആപ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ആധാർ നന്പരുള്ളവർക്ക് ഡിജിലോക്കറിൽ അക്കൗണ്ട് രൂപീകരിക്കാം.
* ഇൻസ്റ്റാൾ ചെയ്ത ആപ്പിൽ സൈൻ ഇൻ/ സൈൻ അപ് ഓപ്ഷനുകൾ കാണാം. ആദ്യമായി ഉപയോഗിക്കുന്നതിനാൽ സൈൻ ആപ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഉള്ളിൽ പ്രവേശിക്കുക.
* തുടർന്നു വരുന്ന വിൻഡോയിൽ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നന്പർ നല്കുക. ഈ നന്പരിലേക്ക് ഒരു ഒടിപി (വണ് ടൈം പാസ്വേഡ്) വരും. ആ നന്പർ നല്കി അടുത്ത വിൻഡോയിലേക്ക് പ്രവേശിക്കാം. (ആധാറുമായി മൊബൈൽ നന്പർ ബന്ധിപ്പിക്കാത്തവർ അക്ഷയ സെന്ററിലോ യുഐഡിഎഐ സെന്ററിലോ എത്തി മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കുക.)
* തുടർന്നു വരുന്ന വിൻഡോയിൽ 12 അക്ക ആധാർ നന്പർ നല്കുക. ശേഷം, ഒടിപി ഓപ്ഷൻ തെരഞ്ഞെടുത്ത് മുന്നോട്ടുപോകാം.
* ഇതിനുശേഷം യൂസർനെയിമും പാസ്വേഡും നല്കിയാൽ അക്കൗണ്ട് രൂപീകരണം പൂർത്തിയാകും.
* അക്കൗണ്ട് രൂപീകരിച്ചുകഴിഞ്ഞാൽ ഡാഷ്ബോർഡ്, ഇഷ്യൂഡ്, അപ്ലോഡഡ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുള്ള വിൻഡോ ലഭ്യമാകും.
* ഇവിടെ ഡാഷ്ബോർഡിൽ നിരവധി രേഖകളുടെ വിവരങ്ങൾ കാണാം. നമുക്ക് ആവശ്യമുള്ളത് തെരഞ്ഞെടുത്ത് മുന്നോട്ടുപോകാം.
ഉദാ: ഡ്രൈവിംഗ് ലൈസൻസ് ആണാവശ്യമെങ്കിൽ ലൈസൻസ് നന്പർ നല്കുക. അപ്പോൾ ഇഷ്യൂഡ് എന്ന വിഭാഗത്തിൽ ആധാറിലെ ചിത്രത്തോടൊപ്പമുള്ള ലൈസൻസ് ലഭിക്കും. വാഹന പരിശോധനാ സമയത്ത് ആപ് തുറന്ന് ഇഷ്യൂഡ് എന്ന വിഭാഗത്തിൽ ലഭ്യമായിട്ടുള്ള ലൈസൻസ് ഹാജരാക്കാം. ഇതുപോലെതന്നെ മറ്റു രേഖകളും ആപ്പിനുള്ളിലേക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
* സർക്കാർ സംവിധാനങ്ങളിൽനിന്നു ലഭിക്കുന്ന രേഖകൾക്കൊപ്പം വാഹന ഇൻഷ്വറൻസ്, പുക പരിശോധന തുടങ്ങിയ രേഖകളാണ് അപ്ലോഡ് ചെയ്തു സൂക്ഷിക്കാൻ കഴിയുന്നത്. അവ ജെപിജി ഫോർമാറ്റിലുള്ളതായിരിക്കണം. ഒപ്പം രണ്ട് എംബിയിൽ കൂടുതൽ വലുപ്പം ഉണ്ടാവാനും പാടില്ല.
ഡിജിലോക്കർ സൈൻ ഔട്ട് ചെയ്യാതെ ഉപയോഗിച്ചാൽ സമയലാഭമുണ്ട്. ഫോൺ അൺലോക്ക് ചെയ്യുന്ന പിൻനന്പർ മാത്രം നല്കി ആപ് തുറക്കാവുന്നതേയുള്ളൂ.