വൈക്കം: വൈക്കത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണമേറുന്നു. സർവീസിൽനിന്നു വിരമിച്ച വയോധികരെയാണ് തട്ടിപ്പുസംഘം പ്രധാനമായും ഉന്നം വയ്ക്കുന്നതെന്ന് ബാങ്ക് അധികൃതരും പോലീസും പറയുന്നു. തട്ടിപ്പിനിരയാകുന്നവർ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമൊക്കെ ആയതിനാൽ ഇവർ നാണക്കേടുമൂലം കേസിനും മറ്റും പോകാത്തതും തട്ടിപ്പുകാർക്ക് സഹായകരമാകുകയാണ്.
കോളജ് അധ്യാപികയ്ക്ക് നഷ്ടമായത് 25 ലക്ഷം രൂപ
കഴിഞ്ഞ ദിവസം വൈക്കത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായി കോളജ് അധ്യാപികയ്ക്ക് 25 ലക്ഷം രൂപയാണ് നഷ്ടമായത്. അധ്യാപികയായ മധ്യവയസ്ക തട്ടിപ്പുസംഘത്തിന്റെ ഭീഷണിക്ക് വഴങ്ങി വൈക്കത്തെ പ്രമുഖ ബാങ്കുവഴിയാണ് സംഘം ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ അയച്ചുനൽകിയത്.
അവരുടെ പേരിലുള്ള അക്കൗണ്ടുവഴി പോയ പാഴ്സലിൽ നിരോധിത വസ്തുക്കളുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാൻ വൻ തുക വേണമെന്നുമുള്ള ഭീഷണിയിൽ അധ്യാപിക കുടുങ്ങുകയായിരുന്നു. ബാങ്കിലെ ഉദ്യോഗസ്ഥർ വലിയ തുക അടയ്ക്കുന്നതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും അധ്യാപിക കയർത്തു സംസാരിച്ചതിനാൽ പണം അയയ്ക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.പിന്നീട് വൈകുന്നേരത്തോടെ തട്ടിപ്പിനിരയായാണ് പണം നഷ്ടമായതെന്നറിഞ്ഞ അധ്യാപിക ഭർത്താവിനെയും കൂട്ടി ബാങ്കിലെത്തി പരാതിപ്പെട്ടു.
റിട്ട. ഉദ്യോഗസ്ഥന്റെ 51 ലക്ഷം രൂപ തട്ടാൻശ്രമം
വൈക്കത്തുതന്നെ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ മറ്റൊരു ശ്രമവും നടന്നു. ബംഗളൂരുവിൽ പഠിക്കുന്ന മകൻ മയക്കുമരുന്നു കേസിൽപ്പെട്ടെന്നും കേസിൽനിന്നൊഴിവാക്കാൻ പണം വേണമെന്നും കാണിച്ച് പിതാവിന് മൊബൈലിൽ സന്ദേശം വന്നു. മകനുമായി ബന്ധപ്പെട്ട രേഖകളടക്കം അയച്ചായിരുന്നു ഭീഷണി. വയോധികനായ റിട്ട. ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51 ലക്ഷം രൂപ തട്ടാനുള്ള നോർത്ത് ഇന്ത്യൻ സംഘത്തിന്റെ നീക്കം എസ്ബിഐ ജീവനക്കാരുടെ ബുദ്ധിപരമായ ഇടപെടൽ മൂലം വിഫലമായി.
എസ്ബിഐയുടെ വൈക്കം ശാഖയിൽ വ്യാഴാഴ്ച രാവിലെ11 ഓടെയായിരുന്നു സംഭവം. വൈക്കം ടിവി പുരം സ്വദേശിയായ 60 വയസ് പിന്നിട്ട ഇടപാടുകാരൻ വടക്കേ ഇന്ത്യയിലെ ഒരു അക്കൗണ്ടിലേക്ക് 51 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുന്നതിന് വന്നു. കൗണ്ടറിൽ ഇരുന്ന ഹരീഷ് എന്ന ഉദ്യോഗസ്ഥന് ഇതിൽ സംശയമുണ്ടായതിനെ തുടർന്ന് ആർക്കാണ് പണം അയയ്ക്കുന്നതെന്ന് ചോദിച്ചു.
മകനാണ് പണം അയയ്ക്കുന്നതെന്നാണ് അദ്ദേഹം മറുപടി നൽകിയത്. പേര് പരിശോധിച്ചപ്പോൾ ഉത്തരേന്ത്യൻ പേരിലേക്കാണ് പണം അയയ്ക്കുന്നതെന്ന് കണ്ടെത്തി. വലിയ തുക ആയതിനാൽ അക്കൗണ്ടിലെ വിവരങ്ങളുടെ കൃത്യതയ്ക്ക് ഫോണിൽ നോക്കിയപ്പോൾ വാട്ട്സ്ആപ്പിൽ ദിവസങ്ങളായി ചാറ്റ് നടക്കുന്നതായി കണ്ടു.
ബാങ്കിൽ ചെല്ലുമ്പോൾ പണം മകനാണ് അയയ്ക്കുന്നതെന്ന് പറയണമെന്നു വരെ ചാറ്റിലുണ്ടായിരുന്നു. ബാങ്കിൽ ഇടപാടുകാരൻ നിൽക്കുമ്പോഴും തട്ടിപ്പുസംഘം ഓൺലൈനിൽ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. സംശയം തോന്നിയ ഹരീഷ് ബ്രാഞ്ച് മാനേജരോടു തട്ടിപ്പ് സംശയിക്കുന്നതായി അറിയിച്ചു.
തുടർന്ന് ബ്രാഞ്ച് മാനേജർ ഇടപാടുകാരനോട് വൈക്കം പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ വ്യക്തത വരുത്തുന്നതിനായി ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പോയി വിവരങ്ങൾ പറഞ്ഞപ്പോൾ ഫോൺ പരിശോധിച്ച പോലീസ് ഇതു തട്ടിപ്പാണെന്നും ബാങ്കുമായി ഉടൻ ബന്ധപ്പെടാനും അറിയിച്ചു.
ടിവി പുരം സ്വദേശി വർഷങ്ങളോളം ഉത്തരേന്ത്യയിലായിരുന്നു. രണ്ടാഴ്ച മുമ്പും ഇദ്ദേഹം ഉത്തരേന്ത്യയിൽ പോയിരുന്നു. ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ഗ്രേറ്റർ മുംബൈ പോലീസിന്റേതാണെന്ന വ്യാജേന ആധാർ കാർഡിന്റെ കോപ്പി അയച്ചാണ് തട്ടിപ്പുസംഘം ഭീഷണി ആരംഭിച്ചത്. ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം ജീവിതകാലം മുഴുവൻ സമ്പാദിച്ച തുക നഷ്ടപ്പെടാതെ രക്ഷപ്പെട്ടതിൽ ജീവനക്കാരോട് നന്ദി പറഞ്ഞാണ് ഇടപാടുകാരൻ മടങ്ങിയത്.