ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം അസംബ്ലി നിയോജകമണ്ഡലത്തിലെ 84 ലോവർ പ്രൈമറി വിദ്യാലയങ്ങളിലെ 122 ഒന്നാം ക്ലാസ് ഡിവിഷനുകൾ പുതിയ അധ്യയന വർഷത്തിൽ സ്മാർട്ട് ക്ലാസ് റൂമുകളാകും. പി.ഉണ്ണി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച 76.25 ലക്ഷം രൂപ ഉപയോഗിച്ച് എൽപി സ്കൂളുകളിലെ എല്ലാ ഒന്നാംക്ലാസ് റൂമിലേക്കും പ്രോജക്ടർ, സ്ക്രീൻ, ലാപ്ടോപ് എന്നിവയും അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു.
കെൽട്രോണ്‍ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയുടെ ലോഞ്ചിംഗ് ജൂണ്‍ രണ്ടാംവാരത്തോടെ നടപ്പിലാക്കും. ഒറ്റപ്പാലം മണ്ഡലത്തിലെ എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകളിലെ മുഴുവൻ എ പ്ലസ് വിജയികളെയും എൽഎസ്എസ്, യുഎസ്എസ് വിജയികളെയും അനുമോദിച്ചുള്ള മഴവില്ല് സമ്മേളനം ജൂണ്‍ ഏഴിന് വൈകുന്നേരം 2.30ന് ശ്രീകൃഷ്ണപുരത്ത് നടക്കും.
ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണപുരം ബ്ലോക്ക് ഹാളിൽ ചേർന്ന മികവ് മണ്ഡലംതല യോഗത്തിൽ പി.ഉണ്ണി എംഎൽഎ അധ്യക്ഷത വഹിച്ചു.