കോട്ടയം: മാസ്ക് ധരിച്ച്, കൈ കഴുകി, അകലം പാലിച്ച് വോട്ടു ചെയ്യാൻ ജനം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് തേടാൻ സ്ഥാനാർഥികളും തെരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക്.
ഇനിയുള്ള ഓരോ ദിനവും തെരഞ്ഞെടുപ്പിന്റെ ജനകീയ ഉത്സവദിനങ്ങൾ. ഇത്തവണ തെരഞ്ഞെടുപ്പ് സമ്മേളനവും പോസ്റ്ററൊട്ടിക്കലും ചുവരെഴുത്തും വീടുകയറിയുള്ള പ്രചാരണവും ഒക്കെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ്.
പ്രചാരണത്തിന് നിയന്ത്രണങ്ങൾ വന്നതോടെ ഡിജിറ്റൽ പ്രചാരണവും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുമാണു പാർട്ടികളും മുന്നണികളും തയാറാക്കിയിരിക്കുന്നത്.
ഇതിനായുള്ള തയാറെടുപ്പുകൾ രാഷ്ട്രീയപാർട്ടികളും മുന്നണികളും നേരത്തെ തന്നെ തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഡിജിറ്റൽ പ്രചാരണം ആരംഭിച്ചിട്ട് മാസങ്ങളായി.
ഇതിനായി പാർട്ടിയിലെ യുവാക്കളുടെ സംഘങ്ങളെയാണു തയാറാക്കിയിരിക്കുന്നത്. പാർട്ടി ഓഫീസുകളിൽ ഡിജിറ്റൽ മീഡിയ റൂമുകൾ ഇതിനായി നേരത്തെ തന്നെ പാർട്ടികൾ തയാറാക്കി കഴിഞ്ഞിരുന്നു.
യു ട്യൂബ് ചാനലും, ഫേസ്ബുക്ക് പേജും സജീവമാണ്. സോഷ്യൽ മീഡിയകളിൽ സ്ഥാനാർഥികളുടെ ഫോട്ടോകളും സ്റ്റിക്കറുകളും വീഡിയോകളും പോസ്റ്റർ, കാരിക്കേച്ചർ, സ്റ്റാറ്റസ് വീഡിയോ തുടങ്ങി ആനിമേഷൻ ഷോർട്ട് ഫിലിം വരെ ഇറങ്ങി കഴിഞ്ഞു.
ലോക് ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട യുവാക്കളുടെ സംഘങ്ങളാണ് ഡിജിറ്റൽ പ്രചാരണത്തിനു പിന്നിൽ. റേഡിയോ ജോക്കി, ഗ്രാഫിക് ഡിസൈനർ, കാമറമാൻ, ആനിമേറ്റർ, ക്രിയേറ്റീവ് ഹെഡ്മാൻ തുടങ്ങിയവരാണ് ഇതിനു പിന്നിൽ.
കോവിഡ് മൂലം വരുമാനം നഷ്ടപ്പെട്ടവർക്ക് പുതിയ വരുമാന മാർഗം കൂടിയാണിത്. പുറത്തേക്കിറങ്ങിയുള്ള പ്രചാരണത്തിന് സാധ്യത പരിമിതമാണ്.
അതിനാൽ സ്ഥാനാർഥികൾക്കുവേണ്ടി പോസ്റ്ററുകൾ, ഡോക്യുമെന്ററികൾ, വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോകൾ, പ്രസംഗങ്ങളുടെ കാപ്സൂൾ ഫോർമാറ്റുകൾ തുടങ്ങിയവ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ക്രിയേറ്റീവായി ചെയ്തു കൊടുക്കുകയാണു ചെയ്യുന്നത്.
ഒരു പ്രസംഗത്തിന്റെ ആവേശകരമായ ഭാഗം, സ്ഥാനാർഥിയുടെ ആനിമേഷൻ വീഡിയോ, ഭരണനേട്ടങ്ങൾ, പ്രതിഷേധങ്ങൾ, വീഴ്ചകൾ തുടങ്ങിയവ ഡിജിറ്റലായി പ്രചരിപ്പിക്കാൻ കഴിയും.
പൊതുയോഗങ്ങളിലെയും കവലകളിലെയും നേതാക്കളുടെ പ്രസംഗങ്ങൾ ഗ്രാഫിക്സിന്റെയും എഡിറ്റിംഗിന്റെയും മ്യൂസിക്കിന്റെയും പിൻബലത്തിൽ ബോറടിപ്പിക്കാതെ വീട്ടിലിരുത്തി കേൾപ്പിക്കുന്ന പ്രചാരണ സംവിധാനം ഒരുങ്ങുന്നുണ്ട്.
കല്യാണം, പിറന്നാൾ, മാമോദിസ, വിവാഹ നിശ്ചയം തുടങ്ങി ചെറുതും വലുതുമായ ആഘോഷങ്ങൾക്ക് ഡിജിറ്റൽ പരിവേഷം കൊടുത്തു മനോഹരമാക്കുന്നത് അടുത്തനാളിൽ ഒരു ട്രൻഡായി മാറികഴിഞ്ഞു. ഇതാണു തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കും വഴിമാറിയത്.
മ്യൂസിക്കിന്റെയും സൗണ്ട് ഇഫക്ടുകളുടെയും അനന്തസാധ്യകൾ പ്രയോജനപ്പെടുത്തുന്നത് ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെയുള്ള കോവിഡ്കാലത്തെ ഡിജിറ്റൽ പ്രചരണം ജനങ്ങൾക്കു പുതുമ നിറഞ്ഞ അനുഭവമാകും.