കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാല് മാസങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ നവംബര്‍ എട്ടാം തിയതി രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കിയതെന്നാണ് പറയപ്പെടുന്നത്. ഒരുവശത്ത് കറന്‍സിരഹിത ഇടപാടുകളെ പുകഴ്ത്തുമ്പോള്‍ അവയുടെ വിശ്വാസ്യതയും സേവനത്തിലെ എളുപ്പവും എത്രമാത്രമുണ്ടെന്നത് ഇപ്പോഴും സംശയത്തിലാണ്. കറന്‍സിരഹിത രാജ്യം എന്ന ആശയം പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷിച്ച ഒട്ടുമിക്ക ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ഭീമമായ തുകയാണ് സര്‍വ്വീസ് ചാര്‍ജായി ഈടാക്കി വരുന്നത്. സര്‍വ്വീസ് ചാര്‍ജില്ലാത്ത ഒരു ഓണ്‍ലൈന്‍ സേവനവും ഇപ്പോള്‍ നിലവിലില്ല എന്നതാണ് സത്യം. അതാകട്ടെ അതാത് സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും തോന്നിയ വിധത്തിലും. കറന്‍സി പിന്‍വലിച്ചതിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ ചൂഷണം ചെയ്യുകയാണോ ബാങ്കുകളും മറ്റും എന്ന് തോന്നുമാറാണ് സര്‍വ്വീസ് ചാര്‍ജെന്ന പേരിലുള്ള കൊള്ള.
ഇത്താരണത്താല് ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി ആളുകള്‍ കാര്‍ഡുപയോഗിക്കാന്‍ മടിക്കുന്നതായാണ് കാണുന്നത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്കു ചെയ്യുന്നതിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവരുടെ എണ്ണത്തിലും വന്‍ കുറവ് വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്ന ബാങ്കുകള്‍ അതേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ മെസേജ് വഴിയായി ഉപഭോക്താവിനെ അറിയിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഈ രീതിയിലുള്ള മാന്യമായ തട്ടിപ്പിന് കൂട്ടുനില്ക്കുന്നവര് എന്ന് തോന്നുമാറുള്ള നിഷ്ക്രിയത്വമാണ് സര്‍ക്കാരും തുടര്‍ന്നുപോരുന്നത്. എടിഎം ഉപയോഗിക്കുന്നതിന് ബാങ്കുകള്‍ എത്രയാണ് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതെന്നറിയാത്തവരാണ് ഭൂരിഭാഗം വരുന്ന സാധാരണക്കാര്‍. ആളുകളെ മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങിയതിനുശേഷം മാത്രമെ ഇത്തരം അമിത ചാര്‍ജുകള്‍ ഈടാക്കാവൂ എന്ന നിബന്ധനയും മനപൂര്‍വ്വം ലംഘിക്കപ്പെടുകയാണ്. പെട്രോള്‍ പമ്പുകളില്‍ ഡിജിറ്റല്‍ പണമിടപാടു നടത്തുന്ന സാധാരണക്കാരില്‍നിന്ന് എണ്ണക്കമ്പനികളും ബാങ്കുകളും ചേര്‍ന്നു കൊള്ളയടിക്കുന്നതു കോടികളാണ്.
കാര്‍ഡുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവരില്‍നിന്നു മൂന്നു ശതമാനത്തിനടുത്ത് പെട്രോള്‍ സര്‍ചാര്‍ജാണ് ഈടാക്കുന്നത്. കാര്‍ഡുപയോഗിച്ച് ആയിരം രൂപയ്ക്ക് ഇന്ധനം നിറച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ 28 രൂപ 75 പൈസ ഇടപാടുകാരന്റെ അക്കൗണ്ടില്‍നിന്നു സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കും. അതേസമയം പണം നല്കി ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് ഈ തുക നല്‍കേണ്ടിവരുന്നില്ല എന്നതാണ് ഏറെ കൗതുകകരമാവുന്നത്. 2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്കു സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പ്രഖ്യാപനമുണ്ടെങ്കിലും അതും വെറും പാഴ്വാക്കായിരിക്കുകയാണ്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനായി കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിക്കുന്നവര്‍ക്ക് 0.75 ശതമാനം ഇന്‍സെന്റീവ് നല്‍കുമെന്ന പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് നേര്‍വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്. അക്കൗണ്ടില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജെന്ന പേരില്‍ കാശ് പോകുന്നതിനെ ചോദ്യം ചെയ്താല്‍ തങ്ങള്ക്കിതേക്കുറിച്ചൊന്നും അറിയില്ലെന്ന ഉത്തരമാണ് ഡീലര്‍മാരില്‍ നിന്ന് ലഭിക്കുന്നത്. ഡീലര്‍മാര്‍ക്ക് കമ്പനി നല്കുന്ന കമ്മീഷന് തുല്യമായ തുകയാണ് ഇത്തരത്തില്‍ ആളുകളില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജായി ഈടാക്കി വരുന്നത്. രാജ്യത്തെ പെട്രോള്‍ കമ്പനികളും പമ്പുകളുമാണ് ഇത്തരത്തിലുള്ള കറന്‍സി രഹിത ഇടപാടുകളുടെ ഏറ്റവും വലിയ നടത്തിപ്പുകാര്‍ എന്നതാണ് മറ്റൊരു വിരോധാഭാസം.