സ്വന്തം ലേഖകൻ
കോഴിക്കോട്: നോട്ട് നിരോധനവും ജിഎസ്ടിയും ഇപ്പോഴും വിവാദങ്ങളിൽ കുരുങ്ങിനിൽക്കേ ഡിജിറ്റൽ ഇന്ത്യ എന്ന ആശയവും പാതിവഴിയിൽ. പെട്രാൾപന്പുകൾ, മാളുകൾ, വലിയവസ്ത്രവ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉദ്ദേശിച്ചരീതിയിലുള്ള”കാർഡ്’ ഉപയോഗിച്ചുള്ള ഇടപാടുകൾ നടക്കുന്നില്ല. പലരും ഇപ്പോഴും പണം തന്നെ കൈമാറാണ് ഇഷ്ടപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു. സാധാരണക്കാർ മുതൽ പണക്കാർ വരെ ഈ രീതിയിലാണ് ഇപ്പോഴും വിപണിയെ കൈാര്യം ചെയ്യുന്നത്. അതേസമയം പെടിഎം ഇടപാടുകളിൽ സമീപകാലത്തായി വലിയ വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്താലാലും നോട്ടുനിരോധത്തിനു പുറമേ വന്ന ജിഎസ്ടിയും അതുമൂലം ഉണ്ടായ വിലവർധനയും ഉണ്ടാക്കിയ വിപണി മാന്ദ്യം ഡിജിറ്റൽ ഇന്ത്യയെയും ബാധിച്ചുവെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.
സാധാരണക്കാരുടെ വാഹനമായ “ഓട്ടോ’കളിൽ ഇ പേയ്മെന്റ് സംവിധാനം പാടെ ഉപേക്ഷിച്ചതാണ് സമീപകാലത്ത് ഡിജിറ്റൽ ഇന്ത്യക്ക് അവാസാനം കിട്ടിയ തിരിച്ചടി. പണരഹിത വിനിമയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഓട്ടോ ഡ്രൈവർമാർ ഇപേയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയത്. നോട്ട് അസാധുവാക്കിയ സമയത്ത് നഗരത്തിലെ അഞ്ഞൂറോളം ഓട്ടോകൾ വിവിധ ആപ്പുകൾ ഉപയോഗിച്ചുള്ള ഇപേയ്മെന്റ് സംവിധാനം നടപ്പിലാക്കിയിരുന്നു. എന്നാൽ പിന്നീട് ജനങ്ങൾ അതിൽ വലിയ താത്പര്യം കാണിച്ചില്ല.
ഇന്റർനെറ്റ് കാര്യക്ഷമമല്ലാതാകുക തുടങ്ങിയ പ്രശ്നങ്ങൾ ഓട്ടോക്കാർക്കും നേരിടേണ്ടി വന്നു. മാത്രമല്ല ചില ബാങ്കുകൾ അവരുടെ ഇപേയ്മെന്റ് ആപ്പ് ഉപയോഗിച്ചാൽ മാസം 500 രൂപ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിൽ എത്തുമെന്നു വാഗ്ദാനം ചെയ്തിരുന്നു. ചിലർക്കൊക്കെ ഒരു തവണ ഈ 500 രൂപ ലഭിച്ചെങ്കിലും പിന്നീട് ലഭിച്ചില്ല. യാത്രക്കാരാണെങ്കിൽ ഇ പേയ്മെന്റിനെക്കാൾ പണം നൽകുന്നതിനാണ് താത്പര്യം കാണിക്കുന്നത്.
നോട്ട് അസാധുവാക്കിയ സമയത്ത് പണ രഹിത വിനിമയ സംവിധാനം നടപ്പാക്കുന്നതിൽ ഓട്ടോക്കാർ കാണിച്ച താത്പര്യം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. എന്നാൽ പ്രായോഗികതലത്തിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ കാരണം ഇപ്പോൾ ഏറെക്കുറെ എല്ലാവരും ആ സംവിധാനം ഉപേക്ഷിച്ചു. പഴയ പോലെ പണം വാങ്ങുന്ന രീതിയിലേക്കു തിരിച്ചു പോയി. ഇന്റർ നെറ്റിനെ കുറിച്ച് അറിവില്ലാത്തതും ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിന് തിരിച്ചടിയായി. പോസ്റ്റൽ പേയ്മെന്റാങ്കിംഗ് സംവിധാനം കൊണ്ടുവരുകയാണ്. ഗ്രാമങ്ങളിൽ ബാങ്ക് സൗകര്യം ലഭിക്കാത്തവർക്കായിരുന്നു ഈ പദ്ധതി. ഈ സമയത്താണ് ഡിജിറ്റൽ ഇന്ത്യ പദ്ധതിയും കൊണ്ട് വരുന്നത്. ഒരു “തുക്ലക്’പരിഷ്കരണമായി ഇത്. ഇന്റർനെറ്റ് എന്താണെന്ന് പോലും അറിയാത്ത ആളുകൾ കൂടുതലായുള്ള രാജ്യത്ത് ഇത്തരം പദ്ധതികൾ നടപ്പിലാവില്ലെന്ന ആക്ഷേപത്തിന് കരുത്തുപകരുന്നതായി ഇത്.
നോട്ട് നിരോധനസമയത്ത് ഡിജിറ്റൽ ഇടപാടുകൾ കൂടിയിരുന്നെങ്കിലും പിന്നീട് ഇത് കുറഞ്ഞ് സാധാരണ പോലെയായി. നോട്ട് ലഭിക്കാതെ വന്നപ്പോൽ നിവർത്തി കേട് കൊണ്ട് കാർഡ് ഉപയോഗിച്ചതാണെന്ന് പറയാം. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് സർവീസ് ചാർജുകൾ നീക്കിയിരുന്നു. എന്നാൽ സർവീസ് ചാർജുകൾ വീണ്ടും വന്നതോടെ ആളുകൾ ഇതിൽ നിന്നും പിൻമാറി. ഇടപാടുകൾ നടത്തുന്പോൾ ഉള്ള സർവീസ് ചാർജുകൾ ആളുകൾക്ക് ബാധ്യതയായി. ഭൂനികുതി ഓണ്ലൈൻ വഴി അടക്കാനുള്ള സംവിധാനം ഈയിടെ വന്നിരുന്നു. എന്നാൽ നികുതിയേക്കാൾ കൂടുതലാണ് സർവീസ് ചാർജ് വരുന്നത് എന്നതാണ് അവസ്ഥ. ഇങ്ങനെ വരുന്പോൾ ആളുകൾ സ്വാഭവികമായി ഡിജിറ്റൽ ഇന്ത്യയിൽ നിന്നും പിൻമാറും. കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കാര്യമായി കൂടിയിട്ടില്ലെന്ന് ഷോപ്പിംഗ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ജോലിയെടുക്കുന്നവർ പറയുന്നു.
മിനിമം ബാലൻസ് കുറഞ്ഞാൽ ബാങ്കുകൾ ചുമത്തുന്ന പിഴയും ബാങ്കുകളുടെ സർവീസ് ചാർജും പഴയപോലെ പണം കൈമാറ്റത്തിലേക്ക് നയിച്ചു. മുൻപുണ്ടായിരുന്ന ഇടപാടുകൾ മാത്രമേ കാർഡുപയോഗിച്ച് ഇപ്പോഴും നടക്കുന്നുള്ളുവെന്ന് പെട്രോൾ പന്പ് ഉടമകളും പറയുന്നു. നോട്ട് നിരോധനസമയത്ത് ഡിജിറ്റൽ ഇടപാടുകൾ നടന്നിരുന്നുവെങ്കിലും ഇപ്പോൾ നിയന്ത്രണങ്ങൾ നീങ്ങിയതോടെ എല്ലാം പഴയപോലെയായി.എടിഎമ്മികളിൽ നിന്നും പണം പിൻവലിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി നേട്ടമുണ്ടാക്കിയത് മൊബൈൽ വാലറ്റുകളാണ്. പെടിഎം പോലുള്ള വാലറ്റുകൾക്ക് പ്രചാരം വർധിച്ചു. പെട്രോൾ പന്പുകളിലും ചെറുകിട ഹോട്ടലുകളിലും കൂൾ ബാറുകളിലും വരെ പെടിഎം എത്തി. പെടിഎം അക്കൗണ്ടുകളുടെ ക്യൂആർ കോഡ് പ്രിന്റ് ചെയ്ത് വച്ചിരിക്കുകയാണ് മിക്ക കടകളുടെയും മുന്നിൽ.