ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ രാജ്യത്ത് ഇന്റർനെറ്റ് വിലക്കിയത് 357 തവണ. ഇന്ത്യാ ടുഡേയുടെ ഡാറ്റാ അനലൈസിംഗ് യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. ഒരു വർഷത്തിനിടെ രാജ്യത്ത് 93 തവണ ഇന്റർനെറ്റ് വിലക്കിയെന്നും 2018-ൽ ലോകത്തിലാകെ ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ 67 ശതമാനവും ഇന്ത്യയിലായിരുന്നുവെന്നും പരിശോധനയിൽ വ്യക്തമായി.
ഒന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറിയ 2014-ൽ ആറു തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗം വിലക്കിയത്. 2015-ൽ 14, 2016-ൽ 31, 2017-ൽ 79, 2018-ൽ 134 തവണ എന്നിങ്ങനെ ഇന്റർനെറ്റ് വിലക്കിന്റെ കണക്കുകൾ വർധിച്ചു. 2019 ഡിസംബർ 15 വരെയുള്ള കണക്ക് പ്രകാരം 93 തവണയും ഇന്റർനെറ്റ് ബന്ധം രാജ്യത്ത് പലയിടത്തായി വിച്ഛേദിച്ചു.
2016 മുതലാണ് ഇന്റർനെറ്റ് വിലക്കുകളുടെ എണ്ണം വർധിച്ചത്. ഇതിൽ പകുതിയും ജമ്മു കാഷ്മീരിലായിരുന്നു. പുൽവാമയിൽ 15 തവണ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയശേഷം പലയിടത്തും ഇപ്പോഴും ഇന്റർനെറ്റ് സംവിധാനം പുന:സ്ഥാപിച്ചിട്ടില്ല. 2016 ജൂലൈയിൽ ബുർഹാൻ വാനിയുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 133 ദിവസം കാഷമീരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിൽ ഇന്റർനെറ്റ് തടഞ്ഞു. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ ഒരു വട്ടമെങ്കിലും ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈ കാലയളവിൽ ഒരു തവണപോലും കേരളത്തിൽ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.