ന്യൂഡല്‍ഹി: കറന്‍സിരഹിത ഡിജിറ്റല്‍ പണമിടപാട് സംവിധാനം പ്രോത്സാഹിപ്പിക്കാനായി ഇന്‍സെന്റീവ് പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്‍ഫര്‍മേഷന്‍, വിദ്യാഭ്യാസം, കമ്യൂണിക്കേഷന്‍ മേഖലകളില്‍ ജനങ്ങളെ ബോധവത്കരിക്കാനാണ് തീരുമാനം. ഇതിനായി ജില്ലാതല അധികാരികളെ നിയോഗിക്കും. നീതി ആയോഗിനാണ് ഡിജിറ്റല്‍ പേമെന്റ് പോത്സാഹന പദ്ധതിയുടെ നടത്തിപ്പു ചുമതല. വാങ്ങല്‍/വില്ക്കല് ഇടപാടുകള്‍, പണകൈമാറ്റം തുടങ്ങിയവയ്ക്ക് പ്രത്യേക ഇന്‍സെന്റീവുകളും നല്‍കും.
രാജ്യത്ത് നല്ല രീതിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ജില്ലകള്‍ക്ക് ഡിജിറ്റല്‍ പേമെന്റ് ചാമ്പ്യന്‍സ് ഓഫ് ഇന്ത്യ എന്ന അവാര്‍ഡും 50 പഞ്ചായത്തുകള്‍ക്ക് ഡിജിറ്റല്‍ പേമെന്റ് അവാര്‍ഡും നല്‍കും.യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ), യുഎസ്എസ്ഡി, ആധാര്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍, വാലറ്റുകള്‍, റുപേ/ഡെബിറ്റ്/ക്രെഡിറ്റ്/പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവയാണ് സാധാരണയായി ഉപയോഗിച്ചുവരുന്ന ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍.