കൊച്ചി: നോട്ടുനിരോധനം ഡിജിറ്റൽ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേക്കനി. നോട്ടു നിരോധനത്തിനുശേഷം ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണം 75 ലക്ഷത്തിൽനിന്ന് 17 കോടിയായി മാറിയെന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
ലോകത്തിൽ ആദ്യമായി വിവരശേഖരണം (ഡേറ്റ) ജനകീയമാക്കിയതു ഇന്ത്യയിലാണ്. ആധാർ, യുപിഐ, ജിഎസ്ടി, തുടങ്ങിയ സേവനങ്ങൾ ജനകീയമായതോടെ ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവം ഉച്ചസ്ഥായിയിലേക്കു കുതിച്ചു. ഏതുതരം സേവനങ്ങളും ഇന്ന് ആധാർ അധിഷ്ഠിതമായതിനാൽ ഇടപാടുകൾ സുഗമമായി. സബ്സിഡികൾ ആധാർ അധിഷ്ഠിതമാക്കിയശേഷം ഒരു ലക്ഷം കോടി രൂപയാണു സർക്കാർ നേരിട്ടു ബാങ്ക് അക്കൗണ്ടിലേക്കു നല്കിയത്.
ഇതോടെ സബ്സിഡി ചോർച്ച പൂർണമായും ഇല്ലാതായി. ഇനി വൈദ്യുതിനിരക്കും നേരിട്ടുള്ള സബ്സിഡിയിലേക്കു സർക്കാരുകൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി പരിഷ്കരണത്തിനപ്പുറം സാധാരണക്കാരന്റെ ജീവിതത്തിൽ ഗുണപരമായ മാറ്റമാണു ജിഎസ്ടി ഉണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുകിട സംരംഭകർ നേരിട്ടിരുന്ന പ്രധാനപ്രശ്നം വായ്പ ലഭിക്കില്ലെന്നതായിരുന്നു. എന്നാൽ ജിഎസ്ടി വന്നതോടെ എല്ലാവർക്കും തങ്ങളുടെ വാണിജ്യപ്രകടനത്തിന്റെ വിവരങ്ങൾ സുഗമമായി ലഭിച്ചു തുടങ്ങി. ഇതോടെ ബാങ്കുകൾ വായ്പ നൽകാൻ ബാധ്യസ്ഥമായി. വിവര സംസ്കരണവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനുള്ള കമ്മീഷൻ കരട് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അത് നിയമമാകുന്നതോടെ ഈ രംഗത്തെ കള്ളനാണയങ്ങൾ ഇല്ലാതാകുമെന്നും നന്ദൻ നിലേക്കനി പറഞ്ഞു.
ഐടി നയങ്ങളിൽ മാറ്റം വരും: ഐടി സെക്രട്ടറി
കൊച്ചി: ഡിജിറ്റൽ രംഗം വർഷംതോറും മാറ്റത്തിനു വിധേയമാകുന്നതിനാൽ ഐടി നയത്തിലെ ഉപനയങ്ങൾ വർഷംതോറും പുനഃപരിശോധിക്കുമെന്നു സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ. ഇതു സംബന്ധിച്ചു സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. കാലാനുസൃതമായി നയത്തിൽ മാറ്റമുണ്ടാകുന്പോൾ വിവരസാങ്കേതിക മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ ആരംഭിച്ച ദ്വിദിന ഹാഷ് ഫ്യൂച്ചർ ആഗോള ഡിജിറ്റൽ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സർക്കാരിന്റെ പുതിയ ഐടി അധിഷ്ഠിത സേവനങ്ങൾ വിവരിക്കുകയായിരുന്നു ശിവശങ്കർ. ഓഗ്മന്റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിൻ, വിവരശേഖരവും ഇന്റർനെറ്റ് ഓഫ് തിംഗ്സും, സൈബർ സുരക്ഷ, വൈദ്യുതി വാഹനങ്ങൾ, സ്പേസ് സാങ്കേതിക വിദ്യ പാർക്ക് എന്നീ ആറിന പരിപാടികൾ സംസ്ഥാന ഐടി നയത്തിൽ ഉൾപ്പെടുത്തി മുന്നോട്ടുപോകാനാണു നയപരമായ തീരുമാനം.
ഇത് സംസ്ഥാനത്തിന്റെ ഐടി മേഖലയിൽ കാലോചിതമായ മാറ്റങ്ങൾക്കു വഴിയൊരുക്കും. കേരളത്തെ സന്പൂർണ വൈഫൈ ഉപയോഗ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഫലം കണ്ടിരിക്കുന്നു.
രാജ്യത്തിനുതന്നെ മാതൃകയാണ് ഈ പദ്ധതി. ഹാഷ്ഫ്യൂച്ചർ ആപ്പിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും പൊതു ഇടങ്ങളിലെ വൈഫൈയിലൂടെ ഒരു വർഷത്തേക്ക് ഇന്റർനെറ്റ് പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്നും ഐടി സെക്രട്ടറി പറഞ്ഞു.
യാത്രാമേഖലയുടെ ഭാവി യാത്രക്കാർ നിശ്ചയിക്കും: ക്രിസ്റ്റഫർ മ്യൂളർ
കൊച്ചി: ഡിജിറ്റൽ യുഗത്തിൽ യാത്രാമേഖലയിലെ ഭാവി നിശ്ചയിക്കുന്നതു യാത്രക്കാരാണെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചീഫ് ഡിജിറ്റൽ ആൻഡ് ഇന്നവേഷൻ ഓഫീസർ ക്രിസ്റ്റഫർ മ്യൂളർ. ഡ്രൈവർ വേണ്ടാത്ത കാറും വൈദ്യുതി വാഹനങ്ങളും ബഹിരാകാശ ഗതാഗതവുമടക്കം യാത്രാമേഖലയിൽ വൻ ഡിജിറ്റൽവത്കരണം ഉണ്ടായാലും ഉപയോക്താവിന്റെ ആവശ്യങ്ങളനുസരിച്ചായിരിക്കും ഗതാഗത, യാത്രാ മേഖലകളുടെ ഭാവി നിശ്ചയിക്കപ്പെടാൻ പോകുന്നത്.
വ്യക്തിഗതമായ അനുഭവങ്ങളും സുരക്ഷയും അടിസ്ഥാനമാക്കിയുള്ള വളർച്ചയാവണം ഈ മേഖലയിലെ വ്യവസായങ്ങളിൽനിന്നുണ്ടാകേണ്ടതെന്നും “”യാത്ര, ഗതാഗതം എന്നിവയിലെ ഡിജിറ്റൽ ഭാവി’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ അദ്ദേഹം പറഞ്ഞു.
ഡാറ്റ ദുരുപയോഗം തടയാൻ നിയമം വേണമെന്ന് ആവശ്യം
കൊച്ചി: രാജ്യത്തെ ഡാറ്റ ദുരുപയോഗം തടയാൻ അടിയന്തരമായി നിയമനിർമാണം നടത്തണമെന്ന് ശക്തമായ ആവശ്യമുയർന്നു. “ഡാറ്റാ; ദി ഓയിൽ ഓഫ് ദ ഡിജിറ്റൽ ഫ്യൂച്ചർ’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഐടി രംഗത്തെ വ്യവസായ പ്രമുഖരാണ് ഈ ആവശ്യമുന്നയിച്ചത്.
സാമൂഹമാധ്യമങ്ങൾ സജീവമായതിനാൽ ഇന്ത്യയിലെ ജനങ്ങളുടെ ഡാറ്റാ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്ന് ഡെൽ ഇഎംസി ഇന്ത്യ കോമേഴ്സ്യൽ പ്രസിഡന്റും എംഡിയുമായ അലോക് ഓഹ്രി പറഞ്ഞു. ഡാറ്റാ ഉപഭോഗത്തിൽ നിയന്ത്രണങ്ങളില്ലാത്തതിനാലാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റാ ഉപഭോഗത്തിൽ നിയമനിർമാണം നടപ്പാക്കുന്നതിൽനിന്ന് സർക്കാരുകൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഇൻഫോസിസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. എൻജിനിയറിംഗ്, ശാസ്ത്ര, കൊമേഴ്സ്യൽ ബിരുദപഠനത്തിൽ കൃത്രിമബുദ്ധി, യന്ത്രപഠനം എന്നിവ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.