കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ പെയ്മെന്റ് നഗരസഭയായി മാറുമെന്ന് പി അയിഷാ പോറ്റി എംഎൽ എ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേത്യത്വത്തിലാണ് നഗരസഭയെ സംപൂർണ പെയ്മെന്റ് നഗരസഭയാക്കി മാറ്റുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായുള്ള പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ 27 ന് രാവിലെ 10.30 മുതൽ തുടങ്ങും.
അയിഷാ പോറ്റി എംഎൽഎ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ബി ശ്യാമളയമ്മ അധ്യക്ഷയാകും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൽ ബാലഗോപാൽ പദ്ധതി വിശദീകരിക്കും.
ഒന്നാം ഘട്ടത്തിൽ നഗരത്തിലെ രണ്ടായിരത്തിലധികം ചെറുകിട വ്യാപാരികൾ, മോട്ടോർ വാഹന തൊഴിലാളികൾ, മറ്റ് ഉപജീവന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ ആളുകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും എംഎൽ എ അറിയിച്ചു.