ന്യൂഡൽഹി: വ്യാപാരസ്ഥാപനങ്ങളിലെ രണ്ടായിരം രൂപ വരെയുള്ള ഡിജിറ്റൽ പണമിടപാടുകൾക്കു ഗവൺമെന്റിന്റെ സബ്സിഡി. ഈ ജനുവരി മുതൽ രണ്ടുവർഷത്തേക്കു സബ്സിഡി നല്കാൻ കേന്ദ്ര കാബിനറ്റ് ഇന്നലെ തീരുമാനിച്ചു.
ഡെബിറ്റ് കാർഡുകൾ, ഭീം യുപിഐ, എഇപിഎസ് (ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം) എന്നിവ വഴി വ്യാപാരശാലകളിൽ നടത്തുന്ന ഇടപാടുകൾക്കാണു സബ്സിഡി. 2000 രൂപവരെയുള്ള തുകയ്ക്കുള്ള ഇടപാടുകളുടെ എംഡിആർ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) സർക്കാർ ബാങ്കുകൾക്കു നല്കും. എത്രവീതം നല്കണമെന്നു നിശ്ചയിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു.
കാർഡ് വഴിയുള്ള പണകൈമാറ്റത്തിനു ബാങ്ക് ഈടാക്കുന്നതാണ് എംഡിആർ. ഇതു സർക്കാർ വഹിക്കുന്നതോടെ വ്യാപാരിക്കും ഉപയോക്താവിനും ബാധ്യത മാറിക്കിട്ടി. 2018-19ൽ 1050 കോടി രൂപയും 2019-20ൽ 1462 കോടി രൂപയും സബ്സിഡിക്കായി വേണ്ടിവരുമെന്നാണു ഗവൺമെന്റിന്റെ പ്രാഥമിക വിലയിരുത്തൽ.
കറൻസി ഉപയോഗം കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനാണിത്. കാർഡ് ഉപയോഗിച്ചു പണം നല്കുന്പോൾ വ്യാപാരി ബാങ്കിനു നല്കേണ്ട തുക ഉപയോക്താവിൽനിന്ന് ഈടാക്കുമായിരുന്നു. ഇതുമൂലം ജനങ്ങൾ കറൻസി നല്കാൻ ഉത്സാഹിച്ചുപോന്നു. ഇനി അധികച്ചെലവ് ഇല്ലാതാകുന്നതിനാൽ കാർഡ് ഉപയോഗം കൂടും.