തൃശൂർ: കോവിഡില്ലായിരുന്നെങ്കിൽ തൃശൂരിന്റെ സ്ഥിതി എന്താകുമായിരുന്നു. കറൻസി കാണാൻ അന്യ ജില്ലകളിലേക്ക് പോകേണ്ടി വന്നേനെ. പെട്ടികടകളിൽ വരെ ഡിജിറ്റൽ ഇടപാടു നടത്തുന്ന ജില്ലയായി തൃശൂർ മാറിയേരെ.
കറൻസി രഹിത തൃശൂരായി കഴിഞ്ഞ മാസം പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാൽ കോവിഡിനെ തുടർന്ന് കറൻസി രഹിത തൃശൂർ നടപ്പാക്കാനായില്ല.
രാജ്യത്തെ തന്നെ ആദ്യത്തെ പരീക്ഷണമെന്ന നിലയിലാണ് തൃശൂർ ജില്ലയെ കറൻസി രഹിത ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. തുടക്കമെന്നോണം കളക്ടറേറ്റിലെ കാന്റീനിൽ കറൻസി രഹിത ഇടപാട് ആരംഭിക്കുകയും ചെയ്തു.
ഇതിനായി എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും നിർദ്ദേശം നൽകിയിരുന്നു. സീറോ ബാലൻസുള്ള അക്കൗണ്ടുകൾ ആരംഭിച്ച് പെട്ടികടകളിൽ വരെ ഡെബിറ്റ് കാർഡ് വഴിയോ മറ്റ് സംവിധാനങ്ങൾ വഴിയോ പണമിടപാട് നടത്താനാണ് പദ്ധതിയിട്ടിരുന്നത്.
ബസുകളിൽ ടിക്കറ്റ് ചാർജായും ഇത്തരം സംവിധാനം ഏർപ്പെടുത്താനാണ് പദ്ധതി. എന്നാൽ കോവിഡും തൃശൂർ ജില്ലയിൽ ആദ്യമായി എത്തിയതോടെ എല്ലാം പാളി.
പദ്ധതി തുടർന്നു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലെത്തുകയായിരുന്നു. കറൻസി രഹിത ജില്ലയെന്നതിനു പകരം തൊഴിലു പോലും ഇല്ലാതായി.
തൃശൂർ ജില്ലയിൽ പരീക്ഷിച്ചു വിജയിച്ചാൽ സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ മറ്റു ജില്ലകളിലേക്കും കറൻസി രഹിത ഇടപാടുകൾ വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യം.