മുംബൈ: രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ വാലറ്റ് ആരംഭിക്കാൻ ആമസോൺ ഇന്ത്യയ്ക്ക് റിസർവ് ബാങ്ക് അംഗീകാരം നല്കി. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ ആമസോണിന് ബിസിനസിൽ മുതൽക്കൂട്ടാകുമെന്നു കരുതപ്പെടുന്നു.
കമ്പനിയുടെ വെബ്സൈറ്റിൽ നടക്കുന്ന ഇടപാടുകൾക്ക് ഒന്നിൽ കൂടുതൽ ഒഥന്റിഫിക്കേഷൻ നടപടികൾ ആവശ്യമില്ലാ എന്നത് ഇടപാടുകാർക്ക് കൂടുതൽ സൗകര്യമാക്കും. ഇതു കൂടാതെ മറ്റു ഡിജിറ്റൽ വാലറ്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കാഷ് ബാക്ക് ഓഫറുകളും ആമസോൺ മുന്നോട്ടുവയ്ക്കുന്നുണ്ട്.
കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങിയ ആമസോൺ പേ സർവീസിൽ ആമസോണിനുള്ളിൽത്തന്നെയുള്ള ഇടപാടുകൾ മാത്രമാണ് അനുവദനീയമായിരുന്നത്. പുതിയ വാലറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ അമസോണേതര ഇടപാടുകളും സാധ്യമാകും. രാജ്യത്ത് പ്രചാരമേറിവരുന്ന ഡിജിറ്റൽ വാലറ്റ് മേഖലയുടെ ഒരു ഓഹരി നേടുക എന്നതുതന്നെയാണ് കമ്പനിയുടെ ഉദ്ദേശ്യം.