ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി എടുത്ത് കാട്ടിയ ഒന്നാണ് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗ്രാമമായ ബാദ്ജിരി. നോട്ടു നിരോധനത്തിലൂടെ ഇന്ത്യ കൈവരിക്കാന്‍ പോവുന്ന നേട്ടത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ട സ്ഥലം. എന്നാല്‍ നോട്ടുനിരോധനം തീര്‍ത്തും പരാജയമായിരുന്നു എന്നതിന് പുറമേ പുറത്തു വരുന്ന വാര്‍ത്ത ബാദ്ജിരിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ചാണ്.
ഡിജിറ്റല്‍ ജീവിതത്തിന്റെ പേരില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭോപ്പാലിലെ ബാദ്ജിരി ഗ്രാമം പഴയ ജീവിതത്തിലേക്ക് മടങ്ങുന്നുവെന്നതാണ് വാര്‍ത്ത. നോട്ടുനിരോധനം രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കാര്‍ഡുകളെല്ലാം മടക്കി പോക്കറ്റിലിട്ട് പഴയ പണമിടപാടിലേക്ക് മടങ്ങിയിരിക്കുകയാണിപ്പോള്‍ ബാദ്ജിരി. 2016 നവംബര്‍ 8 ന് നടന്ന നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഗ്രാമമാക്കാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട് ബാദ്ജിരി ഗ്രാമത്തിനെ ബാങ്ക് ഓഫ് ബറോഡ് ഏറ്റെടുത്തിരുന്നു.
പണമില്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ എടിഎം, പാസ്ബുക്ക് പ്രിന്റര്‍, ക്യാഷ് ഡെപ്പോസിറ്റ് മെഷീന് എന്നിവയെല്ലാം ബാങ്ക് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. എന്തിനേറെ ഡിജിറ്റല്‍ ലിറ്ററസി ക്യാമ്പുകള്‍ വരെ ബാങ്ക് സംഘടിപ്പിച്ചു. എന്നാല്‍ എല്ലാറ്റിനും വെറും മാസങ്ങള്‍ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ എന്നതാണ് പുതിയവിവരം.
നോട്ടുകള്‍ ഇല്ലാതെ ഇടപാടുകള്‍ നടത്താനായി ഗ്രാമത്തിലെ മുഴൂവന്‍ കടക്കാര്ക്കുമായി 12 പിഒഎസ് മെഷീനുകളാണ് വിതരണം ചെയ്തത്. ഗ്രാമീണര്‍ പഴയത് പോലെ നോട്ടുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇവയെല്ലാം പൊടിപിടിച്ച നിലയിലായി.
പിഒഎസ് മെഷീന് എങ്ങിനെ ഉപയോഗിക്കാമെന്ന് പോലും കടക്കാര്‍ക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവര്‍ അധികം കഴിയാതെ മെഷീന് ഉപയോഗം നിര്‍ത്തി. ഇപ്പോള്‍ നിര്‍ബ്ബന്ധം പിടിച്ചാല്‍ പോലും പണമില്ലാതെ സാധനങ്ങള്‍ കൊടുക്കാന്‍ കടക്കാര് തയ്യാറല്ലെന്നു അവര്‍ പറയുന്നു. അതിനൊപ്പം ബില്ലിനായി രണ്ടു ശതമാനം തുക നല്‍കണമെന്ന നിര്‍ദേശവും തിരിച്ചടിയായി. ഇപ്പോള്‍ ഗ്രാമത്തിലെ ഒരു കടകളിലും പിഒഎസ് മെഷീനുകളില്ല.