കോഴിക്കോട്: കോടതിയിൽ കക്ഷികൾക്കു നേരിട്ടു ഹാജരാകേണ്ട ആവശ്യമില്ല. ജാമ്യാപേക്ഷകളും ഓണ്‍ലൈനായി പരിഗണിക്കും. കേസുകളിൽ പരാതി നൽകുന്നതും പരിശോധിക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും വക്കാലത്തു നൽകുന്നതു മുതൽ നോട്ടീസ് അയക്കുന്നതു വരെയുള്ള നടപടികളും ഓണ്‍ലൈനായി മാറും. ഇത്തരമൊരു മാറ്റത്തിന്റെ വക്കിലാണ് സംസ്ഥാനത്തെ കോടതികൾ.
വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനനുസരിച്ച് സംസ്ഥാനത്തെ കോടതികളും ഡിജിറ്റലാകാനുള്ള പദ്ധതി അണിയറയിൽ തയാറായി വരുകയാണ്. 14 ജില്ലകളിലും ഡിജിറ്റൽ കോടതി സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. എല്ലാ ജില്ലകളിലെയും ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതികളെ ഡിജിറ്റൽ ഡിസ്ട്രിക്ട് കോടതികളായി പുനർനാമകരണം ചെയ്യാനുള്ള പദ്ധതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി.
ഇതുസംബന്ധിച്ചു ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ആഭ്യന്തരവകുപ്പിനു പദ്ധതി സമർപ്പിച്ചിരിക്കുന്നത്. തലശേരിയിൽ ഒരു ഡിജിറ്റൽ കോടതി ആരംഭിക്കാനുള്ള പദ്ധതിക്കും അനുമതി നൽകിയിട്ടുണ്ട്. ജീവനക്കാരുടെ പുനർവിന്യാസം സംബന്ധിച്ചു വിശദമായ രൂപരേഖ തയാറാക്കി സമർപ്പിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ആറ്റിങ്ങൽ (തിരുവനന്തപുരം), കൊട്ടാരക്കര (കൊല്ലം), തിരുവല്ല (പത്തനംതിട്ട), ഹരിപ്പാട് (ആലപ്പുഴ), വൈക്കം (കോട്ടയം), കട്ടപ്പന -ഇടുക്കി), പെരുന്പാവൂർ (എറണാകുളം), തൃശൂർ, ആലത്തൂർ (പാലക്കാട്), കോഴിക്കോട്, പെരിന്തൽമണ്ണ (മലപ്പുറം), കൽപ്പറ്റ (വയനാട്), കണ്ണൂർ എന്നിവിടങ്ങളിലാണ് ഡിജിറ്റൽ ജില്ലാ കോടതികൾ സ്ഥാപിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സന്പൂർണ ഡിജിറ്റൽ കോടതി കൊല്ലത്ത് ആരംഭിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഡിജിറ്റൽ ഡിസ്ട്രിക്ട് കോടതികളും ആരംഭിക്കാനുള്ള നീക്കം. സുപ്രീംകോടതി ജസ്റ്റീസ് ബി.ആർ. ഗവായി ആണ് കൊല്ലത്തെ ഡിജിറ്റൽ കോടതി ഉദ്ഘാടനം ചെയ്തത്.