പോലീസുകാർ കൈക്കൂലി വാങ്ങുന്നതു സാധാരണസംഭവമാണ്. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവിൽ കൈക്കൂലി വാങ്ങാൻ പോലീസ് ഉപയോഗിക്കുന്നതോ പുത്തൻ സാങ്കേതികവിദ്യ! ഐടി നഗരത്തിൽ ബംഗളൂരു ട്രാഫിക് പോലീസ് നടത്തിയ ‘ഡിജിറ്റൽ വേല’കളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
പണം കൈയിലില്ലെങ്കിൽ ഗൂഗിൾ പേ, ഫോൺപേ ആയി തന്നാൽ മതിയെന്നാണ് പോലീസ് പറയുന്നത്. ചിലർ ഔദ്യോഗിക അക്കൗണ്ട് എന്ന പേരിലാണ് തട്ടിപ്പു നടത്തുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക അക്കൗണ്ട് എന്നു വിശ്വസിച്ച് ഫൈൻ അടയ്ക്കുന്നവർക്കു രസീത് പോലും കൊടുക്കാറില്ലെന്നും റിപ്പോർട്ട്.
കഴിഞ്ഞദിവസം, വർത്തൂർ കല്ലെയ്ക്ക് സമീപം ട്രാഫിക് നിയമലംഘനം നടത്തി പിടിയിലായ യുവാവിൽനിന്ന് പോലീസ് 1,500 രൂപ ആവശ്യപ്പെട്ടു. പണം കൊടുത്തതിനുശേഷം രസീത് ചോദിച്ചപ്പോൾ പോലീസുകാരൻ രസീത് നൽകാൻ തയാറായില്ല. ഇരുവരും തർക്കമായി. ഒടുവിൽ ഗൂഗിൾപേയിലൂടെ കോൺസ്റ്റബിൾ 500 രൂപ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ യുവാവ് എസിപിക്ക് പരാതി കൊടുത്തു. അന്വേഷണം നടക്കുകയാണെന്ന് എസിപി പറഞ്ഞു. ബംഗളൂരുവിൽ അടുത്തിടെയായി ഗതാഗത നിയമലംഘനക്കേസുകൾ വർധിച്ചുവരികയാണ്. ഇതു മുതലെടുത്ത് ചില മേഖലകളിൽ ട്രാഫിക് പോലീസ് കൈക്കൂലി വാങ്ങുന്നുവെന്നാണ് അനുഭവസ്ഥർ വെളിപ്പെടുത്തുന്നത്.