ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേ ശ്രീരാമന്റെ വിഗ്രഹത്തെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. കൗസല്യയുടെ മടിയിലിരിക്കുന്ന രാമവിഗ്രഹം ക്ഷേത്രത്തിൽ സ്ഥാപിക്കണമെന്നാണ് മൂന്ന് ശങ്കരാചാര്യന്മാർ നിർദ്ദേശിച്ചതെന്നും പുതിയ വിഗ്രഹം ആരുടെ നിർദ്ദേശപ്രകാരമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ചോദിച്ചു. പഴയ വിഗ്രഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ ചടങ്ങുകൾ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും രാഷ്ട്രീയവത്കരിച്ചുവെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കിയിരിക്കേയാണ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. അതേസമയം ദിഗ് വിജയ് സിംഗിന്റെ ആരോപണം മറുപടി അർഹിക്കുന്നതല്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ആരോപണത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ അയോധ്യയിൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ചയാണ് മൈസൂരുവിലെ ശില്പി നിർമിച്ച ശ്രീരാമന്റെ ശില്പം ക്ഷേത്രത്തിൽ എത്തിച്ചത്. ഇതിന്റെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു.
അതിനിടെ ചടങ്ങുകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന ചടങ്ങ് നടക്കുന്ന ദിവസം രൂക്ഷമായ സൈബർ ആക്രമണം നടക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്.
സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയങ്ങൾ, ഐബി, ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നീ വിഭാഗങ്ങൾ സഹകരിച്ചാണ് സൈബർ ആക്രമണങ്ങൾ നിരീക്ഷിക്കുന്നത്.