കോട്ടയം: ദിലീപേട്ടനെ കുരുക്കാൻ ആരൊക്കെയൊ ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ അറസ്റ്റെന്നു ദിലീപ് ഫാൻസ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ. ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ചു രാഷ്ട്രദീപികയോടു പ്രതികരിക്കുകയായിരുന്നു റിയാസ്.
ഫാൻസ് അസോസിയേഷൻ നൂറു ശതമാനം അദ്ദേഹത്തോടൊപ്പം തന്നെയാണ്. ദിലീപേട്ടനെ തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇപ്പോൾ പറയുന്ന തെളിവുകളൊന്നും വിശ്വാസയോഗ്യമല്ല. ദിലീപേട്ടനെ വ്യക്തിപരമായി അടുത്തറിയാവുന്ന ആളാണു ഞാൻ.
സഹജീവികളോടു കരുണയുള്ള, സ്വാർഥത ലവലേശമില്ലാത്ത സത്യസന്ധനായ ആളാണ് അദ്ദേഹം. മറ്റുള്ളവരെ സഹായിക്കുന്നതിൽ വളരെയധികം താത്പര്യം കാണിക്കുന്ന അദ്ദേഹം ഇങ്ങനെയൊരു ആക്രമണത്തിനു പിന്നിൽ പ്രവർത്തിക്കുമെന്നു ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല-റിയാസ് വക്തമാക്കി.
നടി ആക്രമിക്കപ്പെടുകയും സംഭവത്തിൽ പൾസർ സുനിയാണെന്നു വ്യക്തമാവുകയും ചെയ്ത സമയത്ത് ദിലീപേട്ടനൊപ്പം നിൽക്കുന്ന എന്റെ ഫോട്ടോ പൾസർ സുനിയാണെന്നു പറഞ്ഞ് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. യഥാർഥ പൾസർ സുനി പിടിയിലാവും വരെ ഞാനാണ് പൾസർ സുനിയെന്നാണു പലരും വിശ്വസിച്ചിരുന്നതെന്നും റിയാസ്ഖാൻ കൂട്ടിച്ചേർത്തു.