കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.
സെപ്റ്റംബർ ആറിനാണ് ദിലീപിന്റെ അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധദിനം. അന്ന് രാവിലെ ഏഴു മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ദിലീപിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
അതേസമയം ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ദിലീപിനെ കോടതി മുന്‍പാകെ ഹാജരാക്കിയത്.