കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ പങ്ക് ഇതുവരെ കണ്ടെത്താനായില്ലെന്നു ആലുവ റൂറൽ എസ്പി എ.വി. ജോർജ് രാഷ്ട്രദീപികയോടു പറഞ്ഞു. ഇന്നലെവരെ നടന്ന അന്വേഷണത്തിലും ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും മൊഴിയെടുപ്പിലും കേസുമായി ദിലീപിനു യാതൊരു തരത്തിലുമുള്ള ബന്ധവും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലുവ പോലീസ് ക്ലബിൽ ഇന്നലെ നടന്ന മൊഴിയെടുപ്പിൽ ബ്ലാക്മെയിൽ, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചോദിച്ചറിഞ്ഞതായും എ.വി. ജോർജ് പറഞ്ഞു.തുടർ അന്വേഷണത്തിൽ ദിലീപിനെതിരേ ഏതെങ്കിലും തരത്തിലുള്ള തെളിവു ലഭിച്ചാൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചുവരുത്തുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി വ്യക്തമാക്കി. പന്ത്രണ്ടര മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷം ഇന്നു വെളുപ്പിനോടെയാണു ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ പോലീസ് വിട്ടയച്ചത്.
ആലുവ പോലീസ് ക്ലബിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ നടന്നത്. ഇന്നലെ ഉച്ചയ്ക്കു 12.40ന് തുടങ്ങിയ ചോദ്യം ചെയ്യൽ ഇന്നു പുലർച്ചെ 1.10 വരെ നീണ്ടുനിന്നു. ഇന്നലെ ഉച്ചയ്ക്കു ദിലീപിനെയും നാദിർഷയെയും പോലീസ് ക്ലബിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ചിലർ പണംതട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ മൊഴിയെടുക്കാനാണു വിളിച്ചുവരുത്തിയതെന്നായിരുന്നു ആദ്യവിവരം. പിന്നീടാണു നടിയെ ആക്രമിച്ചതുമായും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുകയാണെന്ന സൂചനകൾ പുറത്തുവന്നത്. ദിലീപിനെയും നാദിർഷയെയും ആദ്യം ഒന്നിച്ചിരുത്തിയും രണ്ടാം ഘട്ടത്തിൽ വെവ്വേറെ ഇരുത്തിയുമാണു പോലീസ് മൊഴിയെടുത്തത്. ഇരുവരും സഹകരിച്ചെന്നു പോലീസ് അറിയിച്ചു. ദിലീപ് തനിക്കറിയാവുന്ന നിരവധി കാര്യങ്ങൾ പറഞ്ഞെന്നാണു സൂചന. പൾസർ സുനി പറഞ്ഞതുൾപ്പെടെ നിരവധി കാര്യങ്ങൾ പോലീസ് ചോദിച്ചറിഞ്ഞു.
മണിക്കൂറുകൾ നിണ്ടുനിന്ന മാരത്തണ് ചോദ്യംചെയ്യലിനിടെ അറസ്റ്റ് നടന്നേക്കുമെന്നുപോലും അഭ്യൂഹം പരന്നിരുന്നു. ഇതിനു ശക്തിപകർന്നു നടൻ സിദ്ദിഖും നാദിർഷയുടെ സഹോദരൻ സമദും ഇതിനിടെ പോലീസ് ക്ലബിലെത്തി. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം മൊഴി നൽകി പുറത്തുവരുമെന്നു കരുതിയ ദിലീപിനെയും നാദിർഷയെയും മണിക്കൂറുകൽ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്നാണ് എത്തിയതെന്നു സിദ്ദിഖ് മാധ്യമങ്ങളോടു പറഞ്ഞു. ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ഇരുവരെയും കാണാനാവില്ലെന്നു പോലീസ് അറിയിച്ചതിനെത്തുടർന്നു സിദ്ദിഖ് പുറത്തുനിന്നു. സമദിനെ പിന്നീടു ക്ലബിനു അകത്തേക്കു പോലീസ് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ദിലീപിനും നാദിർഷയ്ക്കും ഒപ്പമാണു സമദും പുറത്തിറങ്ങിയത്.
വിശദമായ മൊഴിയെടുക്കലാണു നടന്നതെന്നു ദിലീപ് പറഞ്ഞു. ചോദ്യം ചെയ്യലല്ല നടന്നത്. പോലീസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസുമായി സംസാരിച്ചു. സത്യം പുറത്തു വരേണ്ടതു തന്റെയും ആവശ്യമാണെന്നു ദിലീപ് പറഞ്ഞു. തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടു മാസം മുന്പാണു ദിലീപ് പരാതി നൽകിയത്.
എന്നാൽ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ് തയാറായിരുന്നില്ല. ഇതിൽ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്നു ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ടാണു ദിലീപ് പരാതി നൽകിയത്.
കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിൽനിന്നു പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ പരാതി. വിഷ്ണു എന്നയാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാൽ വിഷ്ണുവല്ല, പൾസർ സുനി തന്നെയാണു ഫോണ് വിളിച്ചതെന്നു പിന്നീടു കണ്ടെത്തി. അതിനിടെ, ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിനു പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും വെളിപ്പെടുത്തൽ പുറത്തുവന്നു.
ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോണ് വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പോലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നൽകണമെന്നും ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നു സമ്മർദമുണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിക്കുനേരെ ആക്രമണമുണ്ടായത്.