കൊച്ചി: വിവാദങ്ങൾ കത്തിനില്ക്കുന്ന സാഹചര്യത്തിൽ താര സംഘടനയായ അമ്മയുടെ യോഗം തുടങ്ങി. ദീലീപ് യോഗത്തിൽ പങ്കെടുക്കാനെത്തി. അതേസമയം ആക്രമണത്തിനിരയായ നടി യോഗം തുടങ്ങുന്നതുവരെ സ്ഥലത്തെത്തിയിരുന്നില്ല. അമ്മയുടെ യോഗം നടിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുമോയെന്ന് തനിക്കറിയില്ലെന്നും യോഗത്തിനുശേഷം സംസാരിക്കാമെന്നും ദിലീപ് പറഞ്ഞു.
ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിയാക്കുന്നതു ശരിയല്ലെന്നു നടൻ സിദ്ദിഖ്. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തവേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ ചോദ്യം ചെയ്ത സംഭവത്തിൽ പോലീസ് അവരുടെ ജോലിയാണു ചെയ്യുന്നത്. ചോദ്യം ചെയ്തുവെന്ന കാരണത്താൽ ദിലീപ് പ്രതിയാകുന്നില്ല. ഈ അവസ്ഥ ആർക്കുമുണ്ടാകാം. കേസുമായി ബന്ധപ്പെട്ട് അമ്മ പ്രതികരിക്കേണ്ട ആവശ്യവുമില്ല. ദിലീപിനു ക്ലീൻചീറ്റ് നൽകേണ്ടതു കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.