ദിലീപിനെതിരേ തെളിവില്ലാതെ പോലീസ്! പള്‍സര്‍ സുനി നേരിട്ട് ദിലീപിനെ വിളിച്ചിട്ടില്ല; ദിലീപ് സുനിയുമായി ഒരിക്കല്‍ പോലും ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും പോലീസ്

dileep-11

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് നേരിട്ട് ഇടപെട്ടതായി ബോധ്യപ്പെടുന്ന ഒരു തെളിവും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്നതിന് മുൻപും ശേഷവുമുള്ള മുഴുവൻ ഫോണ്‍ രേഖകളുടെയും പരിശോധന പോലീസ് കഴിഞ്ഞ ദിവസം പൂർത്തിയാക്കി. പൾസർ സുനി നേരിട്ട് ദിലീപിനെ വിളിച്ചിട്ടില്ലെന്നും ദിലീപ് സുനിയുമായി ഒരിക്കൽ പോലും ഫോണിൽ സംസാരിച്ചിട്ടില്ലെന്നും പോലീസിന് വ്യക്തമായി. അതേസമയം സുനിയും ഇക്കാര്യം പോലീസിനോട് സമ്മതിച്ചു. താൻ ദിലീപുമായി ഫോണിലോ നേരിട്ടോ സംസാരിച്ചിട്ടില്ലെന്നാണ് ഇയാളുടെ മൊഴി.

എന്നാൽ നാദിർഷ, ദിലീപിന്‍റെ മാനേജർ അപ്പുണ്ണി എന്നിവരോട് സുനി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ സുനിക്കൊപ്പം ഇരുത്തി ഇരുവരെയും ചോദ്യം ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ജയിലിൽ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ സുനിയെ കഴിഞ്ഞ ദിവസം അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ സമയം ഇയാളെ ആരോപണ വിധേയർക്കൊപ്പം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Related posts