കോഴിക്കോട്: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളും ചോദ്യം ചെയ്യലും തുടരവേ നിലവില്‍ സേഫ് സോണിലുള്ള ദിലീപിന് ആശ്വസിക്കാന്‍ വകയില്ലെന്ന് സിനിമാ വൃത്തങ്ങള്‍. നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിന് ദിലീപിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഗൂഢാലോചനയില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കില്ലെന്നാണ് സൂചന. ഈ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ അറസ്റ്റുചെയ്യാനും വഴിയില്ല. അതേസമയം ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും സാമ്പത്തിക സ്രോതസ്സും തെറ്റായ വഴിയിലൂടെയായിരുന്നുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടേതുള്പ്പെടെയുള്ളവയുടെ നിര്‍മാണ ചിലവില്‍ കണക്കില്‍പ്പെടാത്ത പണം “പുറത്തുനിന്നും’ ഇറങ്ങിയതായി വിവരമുണ്ട്. ഈ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ മറ്റുള്ളവരായിരുന്നുവെങ്കിലും പണം ഇറക്കിയത് ഈ നടനുമായി ബന്ധപ്പെട്ടിടങ്ങളില് നിന്നു തന്നെയായിരുന്നുവെന്ന സൂചന ലഭിച്ചിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ ഇത് നടിയെ അക്രമിച്ച കേസുമായി ബന്ധമില്ലെങ്കിലും ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളെ ബാധിക്കുമെന്നറുപ്പാണ്. രാമലീല ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രതിസന്ധിയുടെ ഒരു പ്രധാന കാരണം ഇതാണെന്നറിയുന്നു. ഇനി കുറച്ചുനാളെങ്കിലും ദിലീപ് എന്ന നടനും അദ്ദേഹം പങ്കാളിയായ സിനിമകളും ആദായ നികുതി വകുപ്പിന്റേയും ഉദ്യോഗസ്ഥരുടെയും കടുത്ത നിരീക്ഷണത്തിയലായിരിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ദിലീപിന്റേയും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്രമാത്രം കണക്കില്‍പ്പെടാത്ത പണമിടപാടുകള്‍ സിനിമ േകന്ദ്രീകരിച്ചു നടന്നുവെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. സമീപകാലത്ത് ദിലീപും ഉറ്റസുഹൃത്തായ സംവിധായകനും ചേര്‍ന്ന് വിദേശത്ത് നടത്തിയ സ്റ്റേജ് ഷോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവരുള്‍പ്പെടെയുള്ള സംഘം രണ്ടാഴ്ചയോളം വിദേശത്തായിരുന്നു.
സ്റ്റേജ് േഷായ്ക്കായി ഇറക്കിയ പണം, ട്രിപ്പുകള്‍, താമസസൗകര്യങ്ങള്‍ എന്നിവയെല്ലാം അന്വേഷിച്ചതില്‍ സിനിമാ അഭിനയത്തിനു പുറത്തുള്ള ബന്ധങ്ങള്‍ ഇരുവര്‍ക്കുമുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇവരുമായി സഹകരിക്കുന്ന സിനിമകള്‍ ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. നിലവില്‍ സാമ്പത്തികമായി പൊളിഞ്ഞെന്നുകരുതുന്ന സമീപ കാലത്തെ പല ദിലീപ് സിനിമകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിര്‍മാതാവിന് നഷ്ടമുണ്ടാക്കാത്തവയായിരുന്നു. ഇതില്‍ മിക്കതും നാലും അഞ്ചും വര്‍ഷം മുന്‍പ് ദിലീപ് കമ്മിറ്റ് ചെയ്തവയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളായിരുന്നു അവയിലേറെയും. പ്രമുഖ സംവിധായകരുടെ സിനിമകളേക്കാള്‍ ഇദ്ദേഹം ശ്രദ്ധ നല്കിയിരുന്നതും ഇത്തരം ചിത്രങ്ങള്‍ക്കായിരുന്നു.
കൂട്ടുകൃഷികളായിരുന്നു മിക്ക സിനിമകളും എന്നാണ് വിവരം. പോലീസ് ചോദ്യം ചെയ്യലില്‍ ഇത്തരം കാര്യങ്ങള്‍ ഇദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു. ഗൂഢാലോചനാ കേസില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ മറ്റുവിഷയങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇദ്ദേഹത്തിനുള്ളത്. പരസ്പര വിരുദ്ധമായ മൊഴികളുടെ പ്രധാന കാരണവും “ചട്ടിയില്‍ നിന്നും ചാടിയാല്‍ കുളത്തില്‍’ എന്നറിയാവുന്നതുകൊണ്ടാണ്. വിശ്വസ്തരെ ’പേരില്‍ മാത്രം’ നിര്‍മാതാക്കളാക്കി സ്വയം പണമിറക്കി സിനിമ നിര്‍മിക്കുന്നത് മലയാള ചലച്ചിത്രലോകത്ത് പുതിയ കാര്യമല്ല. പലപ്പോഴും ഒന്നും രണ്ടും സിനിമകള്‍ ഒരേസമയത്ത് ഷൂട്ട് ചെയ്യുമ്പോള്‍ “കണക്കില്‍ പെടാത്ത’ പണം ഇറക്കാനും കഴിയും. ഡ്രൈവറായി വന്ന് മലയാളസിനിമയിലെ സൂപ്പര്‍ നിര്‍മാതാവും വിതരണക്കാരനുമായ കഥകള്‍ സിനിമാലോകത്തുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വിത്യസ്തമായി സിനിമാ നിര്‍മാണ വിതരണ രംഗത്തും, തിയറ്റര്‍ സംഘടാ രംഗത്തും ഒരേസമയത്ത് കാലുറപ്പിക്കാന്‍ ഈ നടന് കഴിഞ്ഞതിനു പിന്നിലെ സാമ്പത്തിക സ്രോതസ്സ് അനേ്വഷണസംഘത്തെ പോലും ഞെട്ടിച്ചിരിക്കുന്നു.