കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലായിരുന്ന നടൻ ദിലീപിനെ ഇന്നുരാവിലെ കോടതിയിൽ ഹാജരാക്കി. പോലീസിന്റെ അപേക്ഷ പരിഗണിച്ച് നാളെ വൈകിട്ട് അഞ്ചുവരെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ദിലീപിനെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഇന്നു രാവിലെ പത്തരയോടെയാണ് ആലുവ പോലീസ് ക്ലബ്ബിൽനിന്നു ദിലീപിനെ അങ്കമാലി കോടതിയിലേക്കു കൊണ്ടു പോയത്.
ആദ്യം മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി രണ്ടു ദിവസം മാത്രമാണ് കോടതി പോലീസിന് അനുവദിച്ചിരുന്നത്. എന്നാൽ, തൊടുപുഴ, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെല്ലാമെത്തിച്ചു തെളിവെടുക്കേണ്ടിയിരുന്നതിനാൽ ദിലീപിനെ ചോദ്യം ചെയ്യാനായി അധിക സമയം പോലീലിനു ലഭിച്ചില്ല. കേസുമായി ബന്ധപ്പെട്ടു പല കാര്യങ്ങളിലും ഇനിയും വ്യക്തത വരാനുള്ളതിനാൽ ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി നൽകാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു.
രാവിലെ അങ്കമാലി കോടതിയിലെത്തിയ ദിലീപിന്റെ അഭിഭാഷകൻ രാംകുമാർ സാക്ഷിയുണ്ടെങ്കിൽ പോലീസിന് എന്തിനു മാപ്പുസാക്ഷിയെന്നുള്ള ചോദ്യമാണ് മാധ്യമങ്ങളോട് ഉന്നയിച്ചത്. ദിലീപിനെതിരേ പോലീസ് ഹാജരാക്കിയ തെളിവുകൾ എല്ലാം കെട്ടിച്ചമച്ചതാണെന്നാണ് രാംകുമാർ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചത്.