നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നല്കി. കാലടി കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. തനിക്കറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞെന്ന് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തേ, പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദിലീപിന്റെ ബിഎംഡബ്ല്യൂ കാറില്‍ വെച്ച് 10,000 രൂപ സുനിക്ക് കൈമാറിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും ദിലീപ് തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. അതിനിടെയാണ് സുനിയുടെ അമ്മയുടെ യൂണിയന് ബാങ്ക് അക്കൗണ്ടില്‍ 50,000 രൂപ എത്തിയത് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
ദിലീപ് നല്കിയ ജാമ്യാപേക്ഷയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കാനിരിക്കെയാണ് സുനില്‍കുമാറിന്റെ അമ്മയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ മുമ്പാകെ രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. നേരത്തെ സുനി പ്രതിയായ കേസുകളെക്കുറിച്ചും അവരോട് ചോദിച്ചറിഞ്ഞു. മകന്റെ കേസ് വാദിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ല. മകനില്ലാതെ ജീവിക്കാനും കഴിയില്ലെന്ന് ശോഭന മൊഴിയെടുത്ത ശേഷം പ്രതികരിച്ചു. നേരത്തെ മുതല്‍ ദിലീപിന് എതിരായ നിലപാടാണ് പള്‍സറിന്റെ അമ്മ എടുത്തിരുന്നത്. ദിലീപിനെ അറസ്റ്റിലാക്കിയത് തങ്ങളുടെ സര്‍പ്പ പൂജയാണെന്ന് പോലും പറയുകയും ചെയ്തു. സര്‍പ്പ പൂജ തുടങ്ങിയ അന്നായിരുന്നു ദിലീപിന്റെ അറസ്റ്റെന്നായിരുന്നു വെളിപ്പെടുത്തല്‍.
ദിലീപിന് ജാമ്യം കിട്ടാന്‍ രണ്ട് ദിവസത്തെ പൂജയാണ് പറവൂരിലെ വീട്ടില്‍ നടന്നത്. ഇത് ഫലം കണ്ടില്ല. കൊടുങ്ങല്ലൂരിലെ ശത്രു സംഹാരവും വിഘ്നേശ്വര പൂജയും ഫലിച്ചില്ല. തളിപറമ്പില്‍ കാവ്യാ മാധവന് വേണ്ടി പ്രത്യേക പൂജ. എല്ലാം അതിവിശ്വസ്തനായ ജ്യോത്സ്യന്റെ ഉപദേശ പ്രകാരാമായിരുന്നു. ഇതൊന്നും കണ്ടക ശനികാലത്ത് ദിലീപിനെ തുണച്ചില്ല. എന്നാല്‍ ദിലീപിനെ ജയിലിലാക്കിയത് തങ്ങളുടെ പ്രാര്‍ത്ഥനയാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഞാനും എന്റെ മകളും കുടി ദേശത്ത് പള്ളിപ്പാട്ട് കാവില്‍ പ്രാര്‍ത്ഥിച്ചിട്ട് വന്നു. തിങ്കളാഴ്ച് വീട്ടില്‍ സര്‍പ്പപൂജ തുടങ്ങി. എന്തായാലും പൂജക്ക് ശേഷം ഫലംകണ്ടു. ദിലീപ് അറസ്റ്റിലായി. പള്‍സര്‍ സുനിയുടെ മാതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.