താടിയും മുടിയും നീട്ടുന്നത് വ്രതശുദ്ധിയുടെ ഭാഗം! ജാമ്യം കിട്ടിയാലുടന്‍ ശബരിമലയിലേയ്ക്ക്; ജയിലില്‍ ദിലീപ് കടുത്ത നിരാശയിലാണെന്ന വാദം തിരുത്തി സഹോദരന്‍ അനൂപ്

ആഴ്ചയിലൊരിക്കല്‍ ജയിലിനുള്ളില്‍ ബാര്‍ബര്‍ എത്താറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് താടിയും മുടിയും വെട്ടാതെ വളര്‍ത്തുന്നത്് വാര്‍ത്തയായിരുന്നു. നിരാശമൂലമാണ് ഇതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഏറ്റവും പുതുതായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ദിലീപ് താടിയും മുടിയും വെട്ടാത്തത് നിരാശ മൂലമല്ലെന്നും മറിച്ച് വ്രതത്തിന്റെ ഭാഗമായാണെന്നുമാണ്. ജയില്‍ മോചിതനായാല്‍ ഉടന്‍ ശബരിമലയ്ക്ക് പോകാന്‍ തയ്യാറായി ഇരിക്കുകയാണ് ജനപ്രിയ നായകന്‍. ഇക്കാര്യം അറിഞ്ഞപ്പോള്‍ ദിലീപിന്റെ അമ്മയ്ക്കും സന്തോഷമായി. താന്‍ ജയിലില്‍ നിരാശനല്ലെന്നാണ് അനുജന്‍ അനൂപിനോടു ദിലീപ് പറഞ്ഞിരിക്കുന്നത്.

ഈ മാസം ഇരുപത്തി മുന്നിനോ ഇരുപത്തി നാലിനോ ജയില്‍ മോചിതനാകാമെന്ന പ്രതീക്ഷയിലാണ് ജനപ്രിയ താരം. അഭിഭാഷകനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കൂടി കണക്കിലെടുത്ത് തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് താരം. ജയില്‍ മോചിതനായാല്‍ കന്നി ഒന്നിന് തന്നെ ആലുവയിലെ തറവാട്ട് വീട്ടില്‍ നിന്നും കെട്ടും കെട്ടി ശബരിമലയ്ക്കു പോകാനാണ് ദീലിപിന്റെ തീരുമാനം. വ്രതത്തില്‍ ആയതു കൊണ്ടു തന്നെ ജയിലധികൃതര്‍ ഭക്ഷണ കാര്യത്തിലും ദിനചര്യയിലും ചില പരിഗണനകള്‍ നല്‍കുന്നതായി ദിലീപ് അനുജനോടു തന്നെ പറഞ്ഞു. ഇഷ്ടവിഭവങ്ങള്‍ താല്‍പര്യം അനുസരിച്ച് അടുക്കള ഡ്യൂട്ടിക്കാര്‍ പാചകം ചെയ്തു തരുന്നുണ്ട്. ഉച്ചയക്ക് ഊണും തൈരും മെഴുക്കും അച്ചാറുമാണ് പതിവ്. രാവിലെയും വൈകുന്നേരേവും കുളിക്കാനും അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.

വ്രതമായതുകൊണ്ടു തന്നെ നാമജപവും ദിലീപ് മുടങ്ങാതെ നടത്തുന്നുണ്ട്. ദിലീപ് സെല്ലില്‍ തറയിലാണ് കിടത്തം. ചെവിയിലെ ഫ്‌ളൂയിഡ് കുറയുന്ന രോഗത്തിന് ഇത് കടുത്ത പ്രശ്‌നമാകും. ഇപ്പോഴും ആഴ്ചയില്‍ രണ്ട് തവണ കൗണ്‍സിലിംഗ് നടക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ദിലീപിന് വേണ്ടി മാത്രം കൗണ്‍സിലര്‍ എത്തും. ജയിലിലെ രീതികളുമായി നടന്‍ പൂര്‍ണ്ണമായും പൊരുത്തപ്പെട്ടു കഴിഞ്ഞെന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആദ്യ ദിവസങ്ങളിലെ അസ്വസ്ഥത ഇപ്പോഴില്ല. ജയിലിലുണ്ടായിരുന്ന നാലാഴ്ചയും ജയിലിലെ സിനിമാ പ്രദര്‍ശനത്തിന് നടന്‍ എത്തിയതുമില്ല. തുടക്കത്തില്‍ ദിലീപ് സഹതടവുകാരോട് അധികം അടുപ്പം കാണിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദിലീപ് എല്ലാവരോടും സൗഹൃദത്തിലായി. സഹതടവുകാരുടെയെല്ലാം വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ദിലീപ് അവരുമായി ഇപ്പോള്‍ നല്ല ബന്ധത്തിലാണ്.

 

 

Related posts