പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ. അതാണ് ഇക്കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നടന്നത്. ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെലുങ്കാന സര്‍ക്കാര്‍ നടത്തിയ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകളുടെ കൂട്ടത്തല്ലിന് കാരണമായി. തെലുങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ബത്തുകമ്മയോടനുബന്ധിച്ചാണ് സംസ്ഥാനത്തെ വനിതകള്‍ക്ക് സൗജന്യസാരിവിതരണം നടത്താന്‍ തെലുങ്കാന ഭരിക്കുന്ന ചന്ദ്രശേഖരറാവു സര്‍ക്കാര്‍ തീരുമാനിച്ചത്. ദസറയോടനുബന്ധിച്ച് നടക്കുന്ന ബത്തുകമ്മയില്‍ പൂവുകള്‍ കൊണ്ടലങ്കരിച്ച ചെറുസ്തൂപങ്ങള്‍ക്ക് ചുറ്റും പുതിയ സാരിയണിഞ്ഞ് സ്ത്രീകള്‍ നൃത്തം ചെയ്യുന്നതാണ് ആചാരം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത അഞ്ഞൂറോളം വ്യത്യസ്ത ഡിസൈനുകളിലുള്ള ഒരു കോടിയിലേറെ സാരികളാണ് തെലുങ്കാന സര്‍ക്കാര്‍ വാങ്ങിയത്. ഇതിനായി 222 കോടി രൂപ ചിലവാവുകയും ചെയ്തു. ജാതിമത ഭേദമന്യേ പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഉന്നതനിലവാരമുള്ള കൈത്തറി സാരികളാണ് സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ പ്രചരണം. എന്നാല്‍ സാരിവിതരണം സര്‍ക്കാരിന് തന്നെ തിരിച്ചടിയാവുകയായിരുന്നു. സാരി വിതരണം നടന്ന സ്ഥലങ്ങളിലെല്ലാം തുടക്കംമുതല്‍ വലിയ തിരക്കും ബഹളവുമായിരുന്നു. പലയിടത്തും ക്യൂവില്‍ നിന്ന സ്ത്രീകള്‍ തമ്മില്‍ അടിയുമുണ്ടായി.
പരസ്പരം മുടിപിടിച്ചു വലിച്ചും ചവിട്ടിയും തല്ലുണ്ടാക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇഷ്ടഡിസൈന്‍ കിട്ടാത്തതിന്റെ പേരിലും സ്ത്രീകള്‍ അടിനടത്തി. കൈയില്‍ കിട്ടിയ സാരിക്ക് നിലവാരമില്ലെന്ന ആരോപണവുമായും അനവധി സ്ത്രീകള്‍ രംഗത്തു വന്നു. 50 രൂപ പോലും വിലമതിക്കാത്ത സാരിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും പലരും ആരോപിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തിലുള്ളവര്‍ ഇത്തരം സാരിയാണോ ഉപയോഗിക്കുന്നതെന്നും സ്ത്രീകള്‍ ചോദിച്ചു. അവസാനം കിട്ടിയ സാരികളെല്ലാം കൂട്ടിയിട്ട് കത്തിച്ചാണ് സ്ത്രീകള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.