ദിലീപിന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് രാമലീലയുടെ തനിയാവര്‍ത്തനം; രാമലീലയുടെ പുതിയ പോസ്റ്റര്‍ ആരാധകരെയും വിമര്‍ശകരെയും ഒരു പോലെ ഞെട്ടിക്കുന്നത്; ബലികര്‍മം ചെയ്യുന്നതുവരെ പോസ്റ്ററില്‍

കൊച്ചി: തന്റെ ഗതികേടു കൊണ്ടാണ് ടോമിച്ചന്‍ മുളകുപാടം രാമലീല ഈ മാസം 28ന് റീലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനു മുമ്പ് നായകന്‍ ദിലീപ് പുറത്തിറങ്ങുമോയെന്ന കാര്യം ഇപ്പോഴും അനശ്ചിതത്വത്തിലാണ്. സിനിമയ്ക്ക് എല്ലാരീതിയിലും ടോമിച്ചന്‍ പബ്ലിസിറ്റി നല്‍കുന്നുണ്ട്. എന്നാല്‍ സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനങ്ങളും കാണുന്ന ആളുകളുടെ മനസില്‍ ഇപ്പോള്‍ പലവിധ സംശയങ്ങള്‍ ഉയരുകയാണ്. സിനിമയുടെ ടീസറില്‍ ഉള്‍ക്കൊള്ളിച്ച ഡയലോഗും ഇത്തരത്തിലായിരുന്നു. ഇത് കൂടാതെ പുറത്തിറങ്ങിയ ഗാനത്തിലും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന പല കാര്യങ്ങളുമുണ്ടായിരുന്നു.

ഇന്നലെ വൈകിട്ടിറങ്ങിയ പുതിയ പോസ്റ്റര്‍ കണ്ട് ഒരുപോലെ ഞെട്ടിയിരിക്കുകയാണ് ആരാധകരും വിമര്‍ശകരും. നായകന്‍ ദിലീപ് ബലി കര്‍മ്മം നിര്‍വഹിക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. ദിലീപിന്റെ ജീവിതത്തില്‍ രണ്ടു ആഴ്ചയ്ക്കു മുന്‍പ് നടന്ന ഒരു സംഭവമാണ് ബലി കര്‍മ്മം നിര്‍വഹിച്ചത് എന്നതാണ് ഏവരെയും ഞെട്ടിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് രണ്ടാഴ്ച മുന്‍പ് അച്ഛന്റെ ശ്രാദ്ധ കര്‍മ്മത്തില്‍ പങ്കെടുത്തിരുന്നു. ഇതിനായി കോടതി രണ്ട് മണിക്കൂര്‍ അനുവദിക്കുകയായിരുന്നു. ബലികര്‍മ്മത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമയിലെ രംഗമെന്ന വിധത്തിലാണ് പുതിയ പോസ്റ്റര്‍ എത്തിയത്.

ദിലീപിന്റെ അറസ്റ്റിനു ശേഷം ഇറങ്ങിയ ടീസറിലും ഓഡിയോയിലും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥകള്‍ വ്യക്തമായി കാണിക്കുന്നുണ്ടെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം. ഇതെങ്ങനെ സംഭവിച്ചു എന്നാലോചിച്ച് ഇപ്പോള്‍ ആരാധകര്‍ തലപുകയ്ക്കുകയാണ്.ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ചിത്രമാണ് രാമലീല. രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. ദിലീപിന്റെ സ്വന്തം സാഹചര്യം ധ്വനിപ്പിച്ചായിരുന്നു രാംലീലയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങിയത്. അമ്മയുടെ യോഗത്തില്‍ ദിലീപിനെ പിന്തുണച്ച് വിവാദത്തില്‍പ്പെട്ട മുകേഷിന്റെ കഥാപാത്രവും ദിലീപിന്റെ നായകകഥാപാത്രവുമാണ് ടീസറിലുള്ളത്. ഭഗവദ്ഗീതയിലെ വിഖ്യാതമായ ശ്ലോകത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ടീസര്‍.

സിനിമയിലെ ഒരു പാട്ടും പുറത്തു വന്നു.വിരഹവും പ്രതീക്ഷയും നിഴലിക്കുന്ന വരികളാണു പാട്ടിന്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്റെ മൂഡിനോടു ചേര്‍ന്നു നില്‍ക്കുന്ന മനോഹര ഗാനം. ജീവിതത്തിലെ പ്രതിസന്ധികളേയും വെല്ലുവിളേയും എങ്ങനെ തരണം ചെയ്യണം, ചതികളും പൊള്ളത്തരങ്ങളും നിറഞ്ഞ ജീവിതത്തോടു പടവെട്ടി എങ്ങനെ മുന്നേറണം എന്നു പറയുന്നു വരികള്‍. ബി.െക.ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീത നല്‍കിയത്. ഗോപി സുന്ദറും അഗം എന്ന ബാന്‍ഡിലൂടെ പ്രശസ്തനായ ഹരീഷ് ശിവരാമകൃഷ്ണനും ചേര്‍ന്നാണീ ഗാനം പാടിയിരിക്കുന്നത്.

ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രനെതിരെയാണ് ഐജി പി.വിജയന് ടോമിച്ചന്‍ പരാതി നല്‍കിയത്. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു. പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, അമിതാവേശവും വികാരത്തള്ളിച്ചയും മൂലമാണ് ചില അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും അവ പെട്ടെന്നു തന്നെ പിന്‍വലിച്ചതായും രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദിലീപിന്റെ ചിത്രം തീയറ്ററില്‍ പോയി കാണുമോ എന്ന ചോദ്യത്തോടെയുള്ള കാമ്പെയ്‌നുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

 

Related posts