നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപും നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണു ദിലീപിന്റെ പേര് പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന പരാതി മൂന്നുമാസം മുമ്പാണ് ദിലീപ് നല്‍കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനകളും ഭീഷണികളും ചൂണ്ടിക്കാട്ടി എഡിജിപി ബി സന്ധ്യയ്ക്കാണ് ദിലീപ് പരാതി നല്‍കിയത്. അമേരിക്കയില്‍ ദിലീപ് ഷോയ്ക്ക് പോകുന്നതിനു മുമ്പ് കോടികള്‍ ചോദിച്ച് നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ദിലീപ് പോലീസിനു കൈമാറി. റിക്കാര്‍ഡ് ചെയ്തിരുന്ന ഫോണ്‍ സംഭാഷണവും പരാതിക്കൊപ്പം നല്‍കിയിരുന്നു. ദിലീപിന്റെ ഡ്രൈവറേയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ച്, ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ദിലീപിന് എതിരെ മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ നല്കാന് ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായി പരാതിയുണ്ട്.
ഇതേക്കുറിച്ച് ദിലീപ് പ്രതികരിച്ചത് ഇങ്ങനെയാണ് ‘ഇത് മറ്റൊരാള്‍ക്കും സംഭവിക്കരുത്. എവിടെ വേണമെങ്കിലും വന്ന് പോലീസിന് തെളിവു നല്‍കും. എന്റെ സിനിമാ റിലീസുമായി ബന്ധപ്പെട്ടാണ് എപ്പോഴും വിവാദങ്ങള്‍ ഉടലെടുക്കുന്നത്. പൊതുജനത്തിന് ഇതിപ്പോള്‍ മനസിലായിക്കാണും. ഇതിന് പിന്നില്‍ എന്തൊക്കെയോ ഗൂഡാലോചനകള്‍ നടക്കുന്നുണ്ട്. ആര്‍ക്കും ആരെയും എന്തും ചെയ്യാന്‍ സാധിക്കും എന്നത് ശരിയല്ല. ഇക്കാരണത്താലാണ് നിയമനടപടി തന്നെ സ്വീകരിക്കുന്നത്. പോലീസ് കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെയാണ് നീക്കുന്നത്. സത്യം പുറത്തുവരണം. മാദ്ധ്യമങ്ങളോട് പറയാനുള്ളത് കാര്യങ്ങള്‍ വെറുതേ വളച്ചൊടിക്കരുതെന്നാണ്.’
സുനില്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു നടനേയും സംവിധായകനെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തിന്റെ മുഴുവന്‍ കാര്യങ്ങളും സുനില്‍ കുമാര്‍ പറഞ്ഞിട്ടുണ്ടെന്നും അതെല്ലാം കോടതിയെ അറിയിക്കുമെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് പറഞ്ഞുകേട്ട ചിലരൊക്കെ സംഭവത്തിലുണ്ടെന്നും അവര്‍ക്ക് വേണ്ടി സുനില്‍കുമാറിനെ ബലിയാടാക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു വിഷ്ണു പറഞ്ഞിരുന്നത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുനില്‍കുമാറിന്റെ മറ്റൊരു സഹതടവുകാരന് ജിന്സണ് എന്നയാള്‍ വ്യക്തമാക്കി. പെരുമ്പാവൂര്‍ പോലീസിന് ഇയാള്‍ നല്കിയ മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ല. ജയിലില്‍ നിന്ന് മൊബൈല്‍ ഫോണിലൂടെ സുനില്‍കുമാര്‍ നിരവധി പ്രമുഖരെ വിളിച്ചിരുന്നതായും സഹതടവുകാരുടെ സഹായത്തോടെ കത്ത് പുറത്തുവിട്ടെന്നും സൂചനയുണ്ട്. താന്‍ ആര്‍ക്കും കത്ത് നല്‍കിയിട്ടില്ല. സുനില്‍കുമാര്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല. അക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ തനിക്കൊരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ജിന്സണ് പറയുന്നു.