കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി മൂന്നാംവട്ടവും ഹൈക്കോടതിയെ സമീപിച്ചു. ഇന്നു രാവിലെ പതിനൊന്നോടെ സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി ഉച്ചകഴിഞ്ഞു പരിഗണിക്കുമെന്നാണു കരുതുന്നത്. ഇന്നലെയാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാം തവണയും താരത്തിനു ജാമ്യം നിരസിച്ചിരുന്നത്.
ഇതിനു പിന്നാലെയാണു താരം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകനായ ബി. രാമൻപിള്ള മുഖാന്തിരമാണു വീണ്ടും ജാമ്യഹർജി നൽകിയിരിക്കുന്നത്. ഇത് അഞ്ചാം തവണയാണു ദിലീപ് ജാമ്യം തേടുന്നത്. രണ്ടു തവണ വിചാരണ കോടതിയായ അങ്കമാലി കോടതിയെയും രണ്ടു തവണ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
താരത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതികൾ ജാമ്യം നിരസിക്കുകയായിരുന്നു. ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് ഇതിനകം ജയിലിൽ 70 ദിവസം പിന്നിട്ടു. ദിലീപിനെതിരായുള്ള കുറ്റപത്രം എത്രയും വേഗം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
കുറ്റപത്രം സമർപ്പിച്ചാൽ താരത്തിനു വിചാരണ തടവുകാരനായി ജയിലിൽതന്നെ കഴിയേണ്ടിവരും. ഇതൊഴിവാക്കുന്നതിനുള്ള നീക്കങ്ങളാണു പ്രതിഭാഗത്തിന്റെ ഭാഗത്തുനിന്നു നടക്കുന്നതെന്നാണു സൂചന. ജാമ്യത്തിനായി അങ്കമാലി കോടതിയിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണു ഹൈക്കോടതിയിലും പ്രതിഭാഗം ഉന്നയിച്ചിട്ടുള്ളത്.
പത്തു വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനാൽ 60 ദിവസം റിമാൻഡ് കാലാവധി കഴിഞ്ഞ ദിലീപിനു സ്വാപാധിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്. കൃത്യത്തിൽ പങ്കാളിയല്ല എന്നതുകൊണ്ട് കൂട്ടബലാത്സംഗം എന്ന വകുപ്പ് നിലനിൽക്കില്ലെന്ന വാദം ശരിയല്ലെന്നു പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.
ഗൂഢാലോചന നടത്തിയതു കുറ്റം ചെയ്തതിനു തുല്യമായ ശിക്ഷ ലഭിക്കാവുന്ന കേസാണെന്നും ദിലീപിനെതിരേ ശക്തമായ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഡയറി അടക്കമുള്ളവയും പ്രോസിക്യൂഷൻ സമർപ്പിച്ചു. ദിലീപ് പുറത്തുപോയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി പരിഗണിച്ചു. ഇതിനിടെ ദിലീപിനെതിരായുള്ള കുറ്റപത്രം എത്രയും വേഗം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.