നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും നീണ്ട ചോദ്യം ചെയ്യലിനുശേഷം പോലീസ് വിട്ടയച്ചു. 13 മണിക്കൂറോളം ആലുവ പോലീസ് ക്ലബില്‍ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ മൊഴിയെടുക്കല്‍ നടന്നു. ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.15നാണു അവസാനിച്ചത്. എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്നു കൊച്ചിയില്‍ നടക്കുന്ന ‘അമ്മ’ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ചിലര്‍ പണംതട്ടാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ മൊഴിയെടുക്കാനാണു വിളിച്ചുവരുത്തിയതെന്നായിരുന്നു ആദ്യവിവരം. പിന്നീടാണു നടിയെ ആക്രമിച്ചതുമായും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുകയാണെന്ന സൂചനകള്‍ പുറത്തുവന്നത്.
‘പുലര്‍ച്ചെ ഒന്നേകാലോടെയാണ് ദിലീപും നാദിര്‍ഷയും ആലുവ പോലീസ് ക്ലബിനു പുറത്തെത്തിയത്. വിശദമായ മൊഴിയെടുക്കലാണു നടന്നതെന്നു ദിലീപ് പറഞ്ഞു. പോലീസ് നല്ല രീതിയില്‍ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസുമായി സംസാരിച്ചു. ചോദ്യം ചെയ്യലല്ല നടന്നത്. വിശദമായ മൊഴിയെടുക്കലാണ്. സത്യം പുറത്തു വരേണ്ടതു തന്റെയും ആവശ്യമാണ്’- ദിലീപ് പറഞ്ഞു. അതേസമയം, ദിലീപിനും നാദിര്‍ഷയ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. കേസ് അന്വേഷണം തുടരുകയാണ്. ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് പറഞ്ഞു. ദിലീപിനെയും നാദിര്‍ഷയെയും 12 മണിക്കൂറുകള്‍ക്കു ശേഷവും വിട്ടയയ്ക്കാത്തതിനെത്തുടര്‍ന്നു നടന് സിദ്ദിഖ് ആലുവ പോലീസ് ക്ലബില്‍ എത്തിയിരുന്നു. അദ്ദേഹത്തിനു പക്ഷേ, ഇരുവരെയും കാണാനായില്ല. ആരും വിളിച്ചിട്ടുവന്നതല്ലെന്നും സഹപ്രവര്ത്തകന് എന്ന നിലയ്ക്കു വന്നതാണെന്നും സിദ്ദിഖ് പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂറിനുശേഷം മൊഴി നല്കി പുറത്തുവരുമെന്നു കരുതിയ ദിലീപിനെയും നാദിര്‍ഷയെയും ഇത്ര നേരമായിട്ടും കാണാത്തതിനെ തുടര്‍ന്നാണു എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ഇരുവരെയും കാണാനാവില്ലെന്നു പോലീസ് അറിയിച്ചതിനെത്തുടര്‍ന്നു സിദ്ദിഖ് മടങ്ങി. നാദിര്‍ഷയുടെ സഹോദരന് സമദും പോലീസ് ക്ലബില്‍ സിദ്ദിഖിനൊപ്പം എത്തിയിരുന്നു. സമദിനെ പിന്നീടു ക്ലബിനു അകത്തേക്കു പോലീസ് കൂട്ടിക്കൊണ്ടുപോയി. ദിലീപിനും നാദിര്‍ഷയ്ക്കും ഒപ്പമാണു സമദ് പുറത്തിറങ്ങിയത്. ദിലീപിനെയും നാദിര്‍ഷയെയും ആദ്യം ഒന്നിച്ചിരുത്തിയും രണ്ടാം ഘട്ടത്തില്‍ വെവ്വേറെ ഇരുത്തിയുമാണു പോലീസ് മൊഴിയെടുത്തത്. ബ്ലാക്മെയില്‍, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും മൊഴിയെടുത്തതായാണു വിവരം. ഇരുവരും സഹകരിച്ചെന്നു പോലീസ് അറിയിച്ചു. ദിലീപ് തനിക്കറിയാവുന്ന നിരവധി കാര്യങ്ങള്‍ പറഞ്ഞെന്നാണു സൂചന. പള്‍സര്‍ സുനി പറഞ്ഞതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞെന്നാണു സൂചന. അതേസമയം, മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കാന്‍ നേരമില്ലെന്നു പോലീസ് ക്ലബിലേക്കു പോകുംമുന്‍പു ബുധനാഴ്ച ഉച്ചയ്ക്കു ദിലീപ് പറഞ്ഞിരുന്നു.