കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനു സന്ദർശക വിലക്കേർപ്പെടുത്തി. സിനിമാക്കാരുടെ കൂട്ടസന്ദർശനത്തെ തുടർന്നാണു നിയന്ത്രണം. കുടുംബാംഗങ്ങൾക്കും പ്രധാന വ്യക്തികൾക്കു മാത്രമായാണ് സന്ദർശനാനുമതി ചുരുക്കിയതെന്നും ഇന്നലെ എട്ടുപേർക്ക് സന്ദർശനാനുമതി നിഷേധിച്ചതായും ജയിൽ അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ മറികടന്ന് ദിലീപിന് സന്ദർശകരെ അനുവദിച്ചതിൽ കേസ് അന്വേഷിക്കുന്ന സംഘം പരാതിപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
ഉത്രാട, തിരുവോണ, അവിട്ട ദിനങ്ങളിലും തുടർന്നും നിരവധി പേർ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലാകുന്നത് ജൂലൈ 10നാണ്. പിന്നീട് റിമാൻഡിലായി 50 ദിവസം ദിലീപ് ജയിലിൽ പിന്നിട്ടു. ഇതിനിടെ, മൂന്നുവട്ടം ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ കാലയളവിൽ സിനിമാ മേഖലയിലുള്ള പ്രമുഖരാരും ദിലീപിനെ സന്ദർശിക്കാൻ എത്തിയിരുന്നില്ല.
എന്നാൽ അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി കൊടുത്തതിനു പിന്നാലെ സംവിധായകനും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിർഷയാണ് ആദ്യം ആലുവ സബ് ജയിലിലെത്തിയത്. ഇതിനു പിന്നാലെ ഭാര്യ കാവ്യാ മാധവൻ, മകൾ മീനാക്ഷി, കാവ്യയുടെ അച്ഛൻ എന്നിവർ ഒരുമിച്ചെത്തി ദിലീപിനെ കണ്ടു. ഇതിനുശേഷമായിരുന്നു സിനിമാ പ്രവർത്തകരുടെ കൂട്ട ജയിൽ സന്ദർശനം.