കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതു മുതല്‍ പ്രതി സ്ഥാനത്തുള്ള വ്യക്തിയാണ് ദിലീപ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ വഴക്കാണ് നടിക്കെതിരായ ക്വട്ടേഷനിലൂടെ സംഭവിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ (രാഷ്ട്രദീപികയിലല്ല). എന്നും ഗോസിപ്പ് കോളങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ദിലീപ് ഈ പ്രചാരണങ്ങളിലൊന്നും കാര്യമായി തകര്ന്നതുമില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സത്യങ്ങള്‍ ഒന്നൊന്നായി അദേഹം വെളിപ്പെടുത്തുന്നത്.
ദിലീപിന്റെ വാക്കുകള്‍-തിളക്കം എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് ആദ്യമായി ആ നടിക്കൊപ്പം അഭിനയിച്ചത്. അടുത്ത ചിത്രത്തില്‍ നായികയാക്കിയാണ് താന്‍ പ്രത്യുപകാരം ചെയ്തത്. അന്ന് പലരും പിന്തിരിപ്പിക്കാന് ശ്രമിച്ചു. എന്നിട്ടും താന്‍ ഉറച്ചു നിന്നു. അവര്‍ ഭാവിയിലെ ഹീറോയിന് ആണെന്നായിരിന്നു തന്റെ മറുപടി. അതിനുശേഷം ആറോ ഏഴോ സിനിമയില്‍ ഒന്നിച്ചഭിനയിച്ചു. ഈ എല്ലാ സിനിമയിലും നിര്‍മാതാവോ സംവിധായകനോ ഇവരെ നായികയാക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല. താനാണ് ഇവരെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടത്. തെറ്റില്ലാതെ അഭിനയിക്കുന്ന ആര്‍ക്കും ചെയ്യാവുന്ന വേഷങ്ങളാണ് അതെല്ലാം. അവരുടെ അച്ഛനുമായി തനിക്ക് അടുപ്പമുണ്ട്, ബഹുമാനമുണ്ട്. പിന്നീട് ചില സാഹചര്യങ്ങളില്‍ അവരുടെ പെരുമാറ്റങ്ങളും രീതികളും ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അവരെ തന്റെ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കി.
നടിക്കെതിരായ ആക്രമണത്തിനുശേഷം രണ്ടുദിവസം കഴിഞ്ഞാണ് കാര്യങ്ങള്‍ തന്റെ നേര്‍ക്കു വരുന്നതെന്ന് ദിലീപ് പറയുന്നു. സിനിമ ബ്ലോക്ക് ചെയ്തിരുന്ന പ്രമുഖ നടനാണ് പിന്നിലെന്നാണ് പ്രധാന ആരോപണം. ആകെ രണ്ടോ മൂന്നോ സിനിമ മാത്രം ചെയ്യുന്ന ആളാണ് താന്‍. ഒരു നായകനെയും വിളിച്ച് അവരെ അഭിനയിപ്പിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ സിനിമയില്‍ വേണ്ടെന്നേ താന്‍ പറഞ്ഞിട്ടുള്ളൂ. മലയാള സിനിമയില്‍ ആരോടു വേണമെങ്കിലും ഇക്കാര്യം അന്വേഷിക്കാം. തമിഴിലും കന്നടയിലും തെലുങ്കിലുമൊന്നും തനിക്ക് വലിയ പിടിയില്ല. മഞ്ഞപത്രങ്ങളിലൂടെ തനിക്കെതിരെ വിഷയത്തില്‍ പല വാര്‍ത്തയും വന്നു. അതില്‍ പ്രമുഖമായിരുന്നു റിയല്‍ എസ്റ്റേറ്റ് ബിസിനസെന്നും ദിലീപ് പറയുന്നു. അത്തരത്തില്‍ ഒരു ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന പത്രക്കാര്‍ക്ക് ആ ഭൂമി വിട്ടുതരും.
മുന്‍ ഭാര്യ മഞ്ജുവിന്റെ സുഹൃത്തുക്കള്‍ക്കെതിരേയും ദിലീപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹം തകരാന്‍ കാരണം ചിലരുടെ ഇടപെടലുകളാണ്. ഒരു പരസ്യക്കമ്പനി ഉടമ തന്നെ സിനിമയില്‍ നിന്ന് പുറത്താക്കുമെന്നു വെല്ലുവിളിച്ചു നടക്കുന്നുണ്ട്. ഇയാള്‍ സഹായിക്കുകയാണെന്നാണ് തന്റെ ആദ്യ ഭാര്യയുടെ വിശ്വാസം. താന്‍ അവരുടെ പിന്നാലെ അല്ല. അവര്‍ അവരുടെ കരിയറുമായി മുന്നോട്ടു പോകട്ടെയെന്നും ദിലീപ് പറയുന്നു.