കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലിലേയ്ക്ക് താരനിരയുടെ ഒഴുക്കുണ്ടായത് വന്‍ വാര്‍ത്തയും വിവാദവുമായിരുന്നു. കെപിഎസി ലളിത, സംവിധായകന്‍ രഞ്ജിത്ത്, ഹരിശ്രീ അശോകന്‍, കെബി ഗണേഷ്‌കുമാര്‍ എന്നിവര്‍ ജയിലിലെത്തിയത് മാധ്യമങ്ങള്‍ മണത്തറിഞ്ഞ് വിവാദമാക്കിയിരുന്നു. ദിലീപ് ആരോപണവിധേയനായ സമയത്ത് നടന്ന താരസംഘടന അമ്മയുടെ വാര്‍ഷികപൊതുയോഗത്തിനിടെ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിലും ഇവരില്‍ പലരും പഴികേട്ടിരുന്നു.
ഇരയാക്കപ്പെട്ട നടിയ്ക്കുവേണ്ടി നിലകൊള്ളാന്‍ തയാറായില്ലെന്നും പകരം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപ്രവര്‍ത്തകനെ രക്ഷിക്കാനാണ് എംല്ലാവരും ശ്രമിച്ചതെന്നും ആരാപണമുയര്‍ന്നപ്പോള്‍ അതുമുഴുവന്‍ ചെന്നുകൊണ്ടത് താര സംഘടന അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിലാണ്. ഇന്നസെന്റ് എപ്പോഴാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തുന്നത് എന്ന് കാത്തിരുന്നവര്‍ പോലുമുണ്ട്. എന്നാല്‍ അങ്ങനെ കാത്തിരുന്നവരെ നിരാശരാക്കികൊണ്ട് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഇന്നസെന്റ് എത്തിയില്ല. ദിലീപുമായി ഇത്രയേറെ അടുപ്പമുണ്ടായിരുന്ന ഇന്നസെന്റ്് ജയിലില്‍ എത്താതിരുന്നത് എന്തുകൊണ്ടാണെന്നുള്ളത് മലയാളികളെ മുഴുവന്‍ സംശയിപ്പിച്ച കാര്യവുമാണ്. മാധ്യപ്രവര്‍ത്തകരുടെ ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നടന്‍ ഇന്നസെന്റ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ദിലീപിനെ ജയിലില്‍ കാണാന്‍ പോവാത്തതിന്റെ കാരണം വ്യക്തമാക്കിയത്. ദിലീപിനെ കാണാന്‍ പോകുന്നത് കൊണ്ട് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ദിലീപിനെ ജയിലില്‍ ചെന്ന് കാണാഞ്ഞതെന്നാണ് അദ്ദേഹം പറഞ്ഞത്.
എം.പിയും കൂടിയായതിനാലാണ് അത് വേണ്ടെന്ന് വച്ചത്. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നു. ഇന്നസെന്റ് പറഞ്ഞു. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. അത് ദിലീപിനും അറിയാം. ഇരയായ സഹപ്രവര്‍ത്തകയുടെ വിവരങ്ങളും തിരക്കിയിരുന്നു. ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയിരുന്നു. അവരുടെ ഭാവിവരനെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിക്കുന്നു.