മരുന്നുകള്‍ നശിച്ചുപോയ ആശുപത്രിക്ക് കൈത്താങ്ങായി ദിലീപ്! ദുരിത ബാധിതര്‍ക്ക് സ്വന്തം വീട് നല്‍കി മഞ്ജു വാര്യര്‍; സഹായഹസ്തങ്ങള്‍ പിന്‍വലിക്കാതെ താരങ്ങള്‍

പ്രളയക്കെടുതി കേരളത്തെ ചെറുതായൊന്നുമല്ല വലച്ചത്. എന്നാല്‍പ്പോലും അതിനെ അതിജീവിക്കാനുള്ള അതികഠിന പ്രയത്‌നങ്ങളാണ് കേരളത്തിലുടനീളം നടന്നു വരുന്നത്. അധികാരികളെന്നോ കീഴ്ജീവനക്കാരെന്നോ താരങ്ങളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ കേരളം മുഴുവന്‍ ഒരു മനസോടെ പ്രയത്‌നിക്കുകയാണ് കേരളത്തെ ഈ കെടുതിയില്‍ നിന്ന് രക്ഷപെടുത്താന്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള നിരവധിയാളുകള്‍ സഹായഹസ്തങ്ങള്‍ നീട്ടുന്നുണ്ടെങ്കിലും താരങ്ങളുടെ സംഭാവനകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യും. അക്കൂട്ടത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ് നടന്‍ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും സഹായങ്ങള്‍.

പ്രളയ ബാധിതര്‍ ഏറെയുള്ള തന്റെ നാട്ടില്‍ അവരെ സഹായിക്കാന്‍ സ്വന്തം വീടു വിട്ടു നല്‍കിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള നടി നാട്ടിലെ അധികൃതരുമായി ബന്ധപ്പെട്ട് വീടിന്റെ ടെറസില്‍ സൗകര്യം ഒരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏതാനും കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കി നല്‍കി.

തൃശ്ശൂരില്‍ ദുരിതബാധിതര്‍ ഏറെയുള്ള മേഖലയാണ് പുള്ള്. വായനശാല, പാര്‍ട്ടി ഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി താത്കാലികമായി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുന്നൂറോളം വീടുകളാണ് താഴ്ന്ന പ്രദേശങ്ങളിലൊന്നായ ചാഴൂര്‍ പഞ്ചായത്തില്‍ തകര്‍ന്നത്. ഇതോടെയാണ് നാട്ടുകാര്‍ക്ക് മഞ്ജു വാര്യരുടെ സഹായം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളിലും മഞ്ജു സജീവമാണ്.

നടന്‍ ദിലീപാകട്ടെ, ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് സംഭാവനയായി നല്‍കിയിരിക്കുന്നത്. ആശുപത്രിയുടെ ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയിലുമായി സൂക്ഷിച്ചിരുന്ന മൂന്നു കോടി രൂപയുടെ മരുന്നുകള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് താരത്തിന്റ നേതൃത്വത്തില്‍ മുന്‍പ് വസ്ത്രങ്ങളും വിതരണം ചെയ്തിരുന്നു.

ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ മരുന്നുകള്‍ ഏറ്റുവാങ്ങി. ഇതിന് പുറമേ മറ്റു സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദിലീപ് മരുന്നുകള്‍ വിതരണം ചെയ്തു. പത്ത് കോടിയിലേറെ രൂപയുടെ നാശമാണ് ആശുപത്രിയില്‍ പ്രളയം വിതച്ചത്. ഇത് മുന്നില്‍ കണ്ടാണ് അത്യാവശ്യ ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ സംഭാവന ചെയ്യാന്‍ തയാറായതെന്ന് ദിലീപ് പറഞ്ഞു.

Related posts