കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ നാദിർഷയോ മാനേജർ അപ്പുണ്ണിയോ മാപ്പുസാക്ഷിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളാതെ പോലീസ്. നടൻ ദിലീപ് അറസ്റ്റിലായി രണ്ടു ദിസമാകുമ്പോഴും കേസിൽ മറ്റൊരു അറസ്റ്റ് ഉണ്ടായിട്ടില്ല. ദിലീപിനെയും നാദിർഷയെയും പന്ത്രണ്ടര മണിക്കൂർ ചോദ്യം ചെയ്തപ്പോൾ നാദിർഷയുടെ മൊഴികൾ ദിലീപിൽനിന്നും വ്യത്യസ്തമായതാണ് പോലീസിനു ഗുഢാലോചന കേസിൽ തുന്പായത്.
നാദിർഷ, അപ്പുണ്ണി, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവർക്കു ഗുഢാലോചനയിൽ നേരിട്ടു പങ്കില്ലെന്നു പോലീസ് വിശ്വസിക്കുന്നുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പോലീസ് നൽകിയ 19 തെളിവുകളിൽ ഇവരുടെ ആരുടെയും പേരുകൾ പരാമർശിക്കുന്നില്ലെന്നാണ് വിവരങ്ങൾ. എന്നാൽ, ജയിലിൽനിന്നു സുനി ദിലീപിന് അയച്ച കത്തുപുറത്തു വന്നതിനും ഭീഷണിപ്പെടുത്തിയുള്ള ഫോണ് വന്നതിനു ശേഷവും നാദിർഷ, അപ്പുണ്ണി, അനൂപ് എന്നിവർക്കു ഗുഢാലോചനയെപ്പറ്റി ധാരണയുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. പ്രതിയെ സഹായിച്ചതും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതുമാണ് ഇവർക്കെതിരേയുള്ള ആരോപണം. ഇവരിലൊരാൾ മാപ്പുസാക്ഷിയായാൽ പോലീസിന് ആവശ്യമായ വിവരങ്ങളെല്ലാം ലഭിക്കും. രണ്ടുപേരും ദിലീപിന്റെ അടുത്ത ആളുകളാണ്.
അതേസമയം, സൂനിയുടെ സഹതടവുകാരനും അപ്പുണ്ണിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നതായും ഉന്നത പോലീസ് വൃത്തങ്ങളിൽനിന്നു സൂചനയുണ്ട്. ഇതേപ്പറ്റി കൂടുതൽ അന്വേഷണം നടത്തുകയാണ് അന്വേഷണ സംഘം. ദിലീപിനെ അറസ്റ്റ് ചെയ്യുന്ന ദിവസത്തെ ചോദ്യം ചെയ്യലിൽ നാദിർഷയോ അപ്പുണ്ണിയോ എല്ലാം ഏറ്റുപറഞ്ഞു മാപ്പു സാക്ഷിയായോ എന്ന അഭ്യൂഹങ്ങളാണു പരക്കുന്നത്. ഇതു തള്ളാനോ കൊള്ളാനോ അന്വേഷണ സംഘം തയാറായിട്ടില്ല.
സുനിയുടെ ഭീഷണി പുറത്തു വന്നതിനു ശേഷം ദിലീപിനെ നാദിർഷയും അപ്പുണ്ണിയും അനൂപും സഹായിച്ചോയെന്നാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. കേസിലെ തെളിവു നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നിട്ടുണ്ടെങ്കിൽ ഇവരുടെ അറസ്റ്റ് ഉടനുണ്ടാവാനുമിടയുണ്ട്. ഇതിനായി വീണ്ടും ചോദ്യം ചെയ്യാനായി ഇവരെ വിളിച്ചു വരുത്താനും സാധ്യതയുണ്ട്. ദിലീപിനെ കസ്റ്റഡിയിൽ ലഭിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടികളിലേക്കു കടക്കാനാണ് പോലീസിന്റെ തീരുമാനം.
പഴുതുകളടച്ചു പോലീസ്
അതേസമയം, ദിലീപിനെതിരേ 19 തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണം ഇക്കാര്യത്തിൽ പോലീസ് തുടരുകയാണ്. പൾസർ സുനിയും ദിലീപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകൾ എല്ലാം ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ചു സ്ഥിരീകരിക്കാനാണ് ശ്രമങ്ങൾ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടും അന്വേഷണ വിവരങ്ങളും പുറത്തു വരുന്പോൾ നടൻ ദിലീപ് പൾസർ സുനിക്കു നൽകിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്നു വ്യക്തമായിരുന്നു.
ഇതു കൂടാതെ പൾസർ സുനി നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനു ഡേറ്റ് നൽകാമെന്ന വാഗ്ദാനവും നൽകിയിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 2013 മാർച്ചിൽ അമ്മയുടെ വിദേശ ഷോയുടെ റിഹേഴ്സൽ കൊച്ചിയിലെ ഹോട്ടൽ അബാദ് പ്ലാസയിൽ നടക്കുന്ന സമയത്താണു നടിക്കെതിരേയുള്ള ഗൂഢാലോചന ആദ്യം ആരംഭിക്കുന്നത്. നടി കാവ്യാമാധവനുമായുള്ള ദിലീപിന്റെ ബന്ധം മഞ്ജു വാര്യരെ അറിയിച്ചതാണ് നടിയോടു വൈരാഗ്യം തോന്നാനുള്ള കാരണം. തുടർന്നു നടിയോടു പരസ്യമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട ദിലീപിനെ താരങ്ങൾ ചേർന്നു പിടിച്ചു മാറ്റുകയായിരുന്നു.
ഈ സംഭവത്തിനു ശേഷം ദിലീപ് പൾസർ സുനിയെ ഹോട്ടലിലേക്കു വിളിച്ചു വരുത്തി. അബാദ് പ്ലാസയിൽ 401-ാം നന്പർ റൂമിൽ സുനിയും ദിലീപും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാത്രി ഏഴിനും എട്ടിനു ഇടയിലായിരുന്നു ഇവർ തമ്മിൽ കണ്ടത്. ദിലീപ് ഹോട്ടലിൽ താമസിച്ചതിന്റെ തെളിവുകളായി ഹോട്ടൽ ബില്ലുകളും രജിസ്റ്റർ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തുടർന്നു ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്ത ദീലീപ് ചിത്രമായ ജോർജേട്ടൻസ് പൂരത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേ 2016ൽ സിനിമ സെറ്റിലാണ് സുനിയും ദിലീപും തമ്മിൽ വീണ്ടും കണ്ടത്. ഈ സിനിമയുടെ സെറ്റിൽ സുനി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഈ ചിത്രത്തിന്റെ അടിസ്ഥാനം തേടിയിറങ്ങിയ പോലീസിനു വ്യക്തമായ സാക്ഷി മൊഴികളും കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. സുനിയെ അറിയില്ലെന്ന് ഓരോ തവണ ദിലീപ് പറയുന്പോഴും ഇവർ തമ്മിലുള്ള ബന്ധങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ പോലീസ് ശേഖരിക്കുകയായിരുന്നു.
കഴിഞ്ഞ നവംബർ എട്ടിനു തോപ്പുംപടി സ്വിഫ്റ്റ് ജംഗ്ഷനിൽ ദിലീപും സുനിയും വീണ്ടും കണ്ടതിനു തെളിവുകൾ ലഭിച്ചു. തുടർന്നു ദിലീപിന്റെ ബിഎംഡബ്ല്യൂ കാറിനകത്തു വച്ചു നടിയെ ആക്രമിക്കുന്നതിനുള്ള തന്ത്രങ്ങൾ പ്രതികൾ മെനഞ്ഞതായും പോലീസ് പറയുന്നു.
ദിലീപിന്റെ കാറിന്റെ 5445 എന്ന നന്പർ സുനി ജയിലിൽ നിന്നെഴുതിയ കത്തിൽ ഉൾപ്പെടുത്തിയതു പോലീസിനു ഇവർ തമ്മിലുള്ള ബന്ധത്തിലേക്കെത്താനുള്ള തുന്പായി. ഈ വർഷം മാത്രം ആകെ മൂന്നു തവണ ഇവർ കൂടിക്കാഴ്ച നടത്തിയതായാണ് പോലീസ് ഭാഷ്യം. ദിലീപും സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോഴുള്ള ഇരുവരുടെയും ടവർ ലൊക്കേഷനുകൾ ശേഖരിച്ചിട്ടുണ്ട്.
ചിരിക്കുന്ന മുഖവും മോതിരവും
ക്വട്ടേഷൻ നൽകുന്പോൾ ദിലീപ് സുനിയോടു വീഡിയോ ആവശ്യപ്പെട്ടിരുന്നതായും പോലീസ് പറയുന്നു. നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ നിശ്ചയ മോതിരവും ദൃശ്യങ്ങളിൽ വേണമെന്ന് ദിലീപ് സുനിയോടു പറഞ്ഞിരുന്നു. ക്വട്ടേഷന്റെ ആദ്യഗഡുവായി പതിനായിരം രൂപയും കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
തന്റെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത് നടി കാരണമെന്നായിരുന്നു ദിലീപിന്റെ വിശ്വാസം. ഇതിന്റെ വൈരാഗ്യമാണ് ഗുഢാലോചന നടത്താൻ താരത്തെ പ്രേരിപ്പിച്ചത്. സുനിയുമായുള്ള കൂടിക്കാഴ്ച കൂടാതെ മറ്റു തെളിവുകളും പോലീസിന്റെ പക്കലുണ്ട്. നിർമാതാവ് ആന്േറാ ജോസഫ് നടി ആക്രമിക്കപ്പെട്ട സംഭവം അറിയിക്കാൻ ദിലീപിനെ വിളിച്ചപ്പോൾ 12 സെക്കൻഡിൽ ദിലീപ് ഫോണ് കട്ടാക്കുകയായിരുന്നു. സംഭവം അറിഞ്ഞ ശേഷം ലാലിന്റെ വീട്ടിലേക്ക് ആദ്യം എത്തിയവരിൽ ഒരാളായിരുന്നു ആന്േറാ ജോസഫ്. സിനിമ മേഖലയിലെ ഇത്രയും പ്രധാന്യമർഹിക്കുന്ന വിഷയം അറിയുന്ന പ്രമുഖനായ ഒരാൾ ഇത്ര വേഗം ഫോണ് കട്ടാക്കിയതു പോലീസിൽ സംശയും ജനിപ്പിച്ചു. ആന്േറാ ജോസഫ് വഴി വിവരങ്ങൾ അറിഞ്ഞിട്ടും രാവിലെ ഒൻപതിനാണ് സംഭവം അറിഞ്ഞതെന്നാണ് ദിലീപ് പോലീസ് നടത്തിയ ആദ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്.
ഇതേത്തുടർന്നു കഴിഞ്ഞ ദിവസം ആന്േറാ ജോസഫിനെ വിളിച്ചു വരുത്തി പോലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണം തേടിയിരുന്നു. സുനിയെയും ദിലീപിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു തെളിവ് പോലീസിനു ലഭിച്ചത് അമ്മയുടെ സ്റ്റേജ് ഷോയായ മഴവില്ലഴകിൽ അമ്മയിൽ നിന്നാണ്. ദിലീപിന്റെ സഹായത്തോടെ ഷോയുടെ വിഐപി ടിക്കറ്റ് സുനിക്കു ലഭിച്ചതായി പോലീസ് കണ്ടെത്തി. ഇതിനു പുറമെയാണ് സുനി ദിലീപിനു ജയിലിൽനിന്നു അയച്ച കത്തു പുറത്തുവരുന്നത്.
സുനി ജയിൽനിന്നു ദിലീപിന്റെ മാനേജർ അപ്പുണ്ണി, സുഹൃത്ത് നാദിർഷ എന്നിവരെ വിളിച്ചതും പോലീസ് സ്ഥിരീകരിച്ചു. നടിയെ ആക്രമിച്ച ശേഷം സുനി അതിക്രമ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യ മാധവന്റെ ഉടമസ്ഥതിയിലുള്ള ലക്ഷ്യയിൽ ഏൽപ്പിച്ചുവെന്നാണ് കത്തിൽ പറയുന്നത്. പോലീസ് തുടർന്നു ലക്ഷ്യ റെയ്ഡ് ചെയ്തിരുന്നു. ലക്ഷ്യയുടെ സമീപമുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു സുനി കടയിൽ വന്നതിന്റെ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. ഗുഢാലോചന സംബന്ധിച്ചു സുനിയുടെ സഹകതടവുകാരനായ ജിൻസണ് നൽകിയ മൊഴിയും പോലീസിനു ദിലീപിലേക്കുള്ള ചൂണ്ടയായി. സുനി ജയിലിൽനിന്ന് അയച്ച കത്തിൽ രണ്ടു കോടി വേണമെന്നു പറഞ്ഞിരുന്നില്ലെങ്കിലും ചോദ്യം ചെയ്തപ്പോൾ രണ്ടു കോടി ആവശ്യപ്പെട്ടതായി ദിലീപ് മൊഴി കൊടുത്തതും തെളിവായി പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.