കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ വിചാരണ നടപടികൾക്കു തുടക്കം. വിചാരണ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് അടക്കമുള്ള മുഴുവൻ പ്രതികളും ഇന്നു രാവിലെ കോടതിയിൽ ഹാജരായി.
എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണു വിചാരണ നടപടികൾ നടക്കുന്നത്. പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സംബന്ധിച്ച് ഇന്നു കോടതി തീരുമാനിക്കുമെന്നാണു വിവരം. നടൻ ദിലീപ് ഉൾപ്പെടെ കേസിൽ 12 പ്രതികളാണുള്ളത്. മുഖ്യപ്രതിയായ സുനിൽ കുമാർ(പൾസർ സുനി) ഉൾപ്പെടെയുള്ള ആറു പ്രതികൾ ജയിലിലാണ്. മറ്റുള്ളവർ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
വിചാരണ നടപടികൾ ആരംഭിക്കുന്നതിനായി കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്കെല്ലാം നേരത്തെതന്നെ സമൻസ് അയച്ചിരുന്നു. ജയിലിൽ കഴിയുന്ന പ്രതികളെ പോലീസിന്റെ നേതൃത്വത്തിലും ദിലീപ് തന്റെ അഭിഭാഷകനൊപ്പമാണു കോടതിയിൽ എത്തിച്ചേർന്നത്.
തൃശൂരിൽനിന്നു കാറിൽ കൊച്ചിയിലേക്കു വരുന്നതിനിടെ 2017 ഫെബ്രുവരി പതിനേഴിന് രാത്രി എട്ടരയോടെ കൊച്ചി അത്താണിയിൽവച്ചാണു നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുടങ്ങിയ കേസ് വിചാരണക്കായി ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു.
ആകെ 355 സാക്ഷികളുള്ള കേസിൽ സിനിമാമേഖലയിൽനിന്നുമാത്രം അൻപതോളം പേർ സാക്ഷികളായുണ്ട്. ഇതിൽ ഇരുപതിലധികം പേരുടെ രഹസ്യമൊഴികളും ഉൾപ്പെടുന്നു. സിനിമാ മേഖലയിൽനിന്നുൾപ്പെടെയുള്ളവർ രഹസ്യമൊഴികൾ നൽകിയതിൽ ഉൾപ്പെടും.