സൂപ്പര്‍ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനനില്‍ നിന്ന് ദിലീപ് തന്റെ സുഹൃത്ത് കൂടിയായ ഷാജോണിനെ വെട്ടിമാറ്റിയിരുന്നു എന്ന അധികമാരുമറിയാത്ത വാര്‍ത്തയും ഇപ്പോള്‍ പുറത്തായിരിക്കുന്നു. അന്തരിച്ച ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ സംവിധായകന് ഷാജോണിനെയാണ് കാസ്റ്റ് ചെയ്തിരുന്നത്. അതിനായി ലൊക്കേഷനിലെത്തി ഷാജോണ്‍ മേക്കപ്പ് വരെയിട്ടതാണ്. എന്നാല്‍ ദിലീപ് ലൊക്കേഷനില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഷാജോണിനെ മാറ്റണമെന്നും ഇല്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നുമുള്ള നിലപാടില്‍ ദിലീപ് ഉറച്ച് നിന്നതോടെ സംവിധായകനും നിര്‍മാതാവിനും വഴങ്ങേണ്ടി വന്നു. തന്റെ വില്ലനായി ഷാജോണ്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നായിരുന്നു ദിലീപ് ഉയര്‍ത്തിയ വാദം.
മേക്കപ്പ്മാന് പട്ടണം റഷീദ് ഷാജോണിനെ പ്രത്യേക ഗെറ്റപ്പില്‍ മേക്കപ്പ് ചെയ്ത ശേഷമാണ് ഈ വിവരം അറിഞ്ഞത്. അന്ന് കരഞ്ഞുകൊണ്ടാണ് ഷാജോണ്‍ ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്. വില്ലന്‍ വേഷം ആരെ കൊണ്ട് ചെയ്യിക്കുമെന്ന ആശങ്കയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഈ സമയം സായികുമാറിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം അമ്മയെയും കൊണ്ട് ആശുപത്രിയിലായിരുന്നു. അവിടെ ഒന്നര ലക്ഷം രൂപ എത്തിച്ചാണ് പിറ്റേദിവസം സായികുമാറിനെ ലൊക്കേഷനില്‍ എത്തിച്ചത്. ഇതുപോലെ പല നടന്മാരെയും സംവിധായകരെയും അടക്കം വെട്ടിത്തകര്ത്താണ് ദിലീപ് മുന്നേറിയത്. ഒടുവിലത് സ്വന്തം വീഴ്ചയില്‍ തന്നെ കലാശിക്കുകയായിരുന്നു.