കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നടക്കുന്ന വാദത്തിനിടെ നടിയെ അപമാനിക്കും വിധത്തിലുള്ള വാദങ്ങളുമായി ദിലീപിന്റെ അഭിഭാഷകന്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പലപ്പോഴും അഡ്വ. രാമന്‍പിള്ള കോടതിയില്‍ വാദിച്ചത്. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന തരത്തിലായിരുന്നു അഭിഭാഷകന്റെ വാദം. ഇടയ്ക്ക് ഇരയുടെ പേര് പറഞ്ഞ അഭിഭാഷകനെ കോടതി ശാസിക്കുകയും ചെയ്തു.
ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോടു പള്‍സര്‍ സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. ‘അടുത്തിടപഴകാന്‍ കഴിയുന്നയാളാണെന്നു’ സുനി സുഹൃത്തിനോടു പറഞ്ഞതായി വിവരമുണ്ട്. ‘ക്വട്ടേഷനാണ് സഹകരിക്കണമെന്ന്’ സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണ്. ക്വട്ടേഷന്‍ നല്കിയെന്നു പറയുന്ന 2013 ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനു പദ്ധതിയുണ്ടായിരുന്നെങ്കില്‍ ആരോപിതയായ നടിയെ സഹായിക്കുകയാണ് ദിലീപ് ചെയ്യാനിടയെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി. പതിനാറു വയസുള്ളപ്പോള്‍ കുട്ടിക്കുറ്റവാളിയായി ജുവെനെല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണു മുഖ്യപ്രതി സുനി.
ക്രിമിനല്‍ കേസുള്‍പ്പെടെ പത്തോളം കേസുകളിലും പ്രതിയാണ്. പങ്കാളിയായ വിഷ്ണു 28 കേസുകളിലും പ്രതിയാണ്. പിടിച്ചുപറി, മാല പൊട്ടിക്കല്‍, മോഷണം തുടങ്ങിയവയാണ് കുറ്റങ്ങള്‍. മോഷണക്കേസില്‍ പോലീസിനു തലവേദനയായിരുന്നു ഇയാള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ മൊഴി വിശ്വസിക്കാനാവില്ല. നടിക്കു ഡബിങ്ങിനു വണ്ടിയയ്ക്കണമെന്ന സന്ദേശം ലഭിക്കുമ്പോള്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ പള്‍സര്‍ സുനിയും മാര്‍ട്ടിനും ഉണ്ടായിരുന്നു. ക്വട്ടേഷന്‍ നല്കിയെന്നു സുനി പറയുന്നവരുടെ ഫോണ്‍ നമ്പറുകള്‍ പോലും സുനിക്കറിയില്ല. കൃത്യത്തിനുശേഷം സുനി രണ്ടുതവണ ആലുവയില്‍ വന്നിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെങ്കില്‍ സുനി തീര്‍ച്ചയായും അയാളുമായി ബന്ധപ്പെടണം.